ദുബൈ എക്‌സ്‌പോയിൽ ഇന്ത്യൻ പവലിയന് സമാരംഭം
text_fieldsദുബൈ: എക്സ്പോ 2020 നഗരിയിലെ ഏറ്റവും ശ്രദ്ധേയമായ പവലിയനുകളിലൊന്നായ ഇന്ത്യൻ പവലിയന് സമാരംഭം. വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പവലിയൻ ഉദ്ഘാടനം നിർവഹിച്ചത്. ലോകത്താകമാനം ജീവിക്കുന്ന ഇന്ത്യക്കാരുടെ അഭിമാനവും ശക്തിയും പ്രതിഫലിപ്പിക്കുന്നതാണ് പവലിയനെന്ന് മന്ത്രി പിന്നീട് ട്വിറ്ററിൽ കുറിച്ചു. എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിൽ സന്ദർശകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ, ദുബൈ ഇന്ത്യൻ കോണ്സുൽ ജനറൽ ഡോ. അമൻ പുരി, വ്യവസായി എം.എ യൂസഫലി, ആസാദ് മൂപ്പൻ, റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദിൻ ബിൻ മുഹ്‌യിദ്ദീൻ എന്നിവരും പങ്കെടുത്തു.
സ്വാതന്ത്ര്യത്തിെൻറ പ്ലാറ്റിനം ജൂബിലി നിറവിൽ നിൽക്കുന്ന ഇന്ത്യ 'മുന്നേറുന്ന ഇന്ത്യ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പവലിയൻ ഒരുക്കിയത്. അറുന്നൂറോളം കട്ടകളില്‍ ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് പവലിയെൻറ ബാഹ്യരൂപകൽപന. രണ്ട് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പവലിയനില്‍ 11 തീമുകളില്‍ കേന്ദ്രീകരിച്ച് പ്രദര്‍ശന-പരിപാടികള്‍ നടക്കും. ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ തുറന്നുവെച്ച് അവസരങ്ങളുടെ മണ്ണിലേക്ക് ലോക നിക്ഷേപകരെ ആകര്‍ഷിക്കാനുതകുന്നതാകും നാല് നിലകളിലായി സംവിധാനിച്ചിട്ടുള്ള പവലിയനിലെ അവതരണങ്ങള്‍.
ഇന്ത്യ ഊന്നല്‍ നല്‍കുന്ന ഐ.ടി, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടുന്ന 'ഇന്നൊവേഷന്‍ ഹബ്'പവലിയനിലെ സുപ്രധാന കേന്ദ്രമാകും. ബഹിരാകാശ സാങ്കേതിക വിദ്യ, റോബോട്ടിക്സ് തുടങ്ങിയവയുടെ സാധ്യതകളിലേക്ക് കൂടി വെളിച്ചം വീശുന്നതാകും മൊബൈല്‍ പ്ലാറ്റ്ഫോമിലുള്ള 'ഇന്ത്യ ഇന്നൊവേഷന്‍ ഹബ്'. 'മേക്ക് ഇന്‍ ഇന്ത്യ', 'ഡിജിറ്റല്‍ ഇന്ത്യ' തുടങ്ങിയ വികസന മുന്നേറ്റ ശീര്‍ഷകങ്ങള്‍ പവലിയനിലെ പ്രചാരണങ്ങളില്‍ മുന്നില്‍ നില്‍ക്കും.
പ്രശസ്ത ഇന്ത്യന്‍ കലാകാരന്മാര്‍ അണിനിരക്കുന്ന കലാനിശകള്‍, സാംസ്കാരിക പരിപാടികള്‍, ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍, ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള കലാപരിപാടികളും ഇതിൽ ഉൾകൊള്ളിച്ചിച്ചുണ്ട്. എക്സ്പോ കാലയളവ് പര്യവസാനിച്ചാലും പവലിയന്‍ സുസ്ഥിരമായി ദുബൈയില്‍ നിലനിര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ പവലിയന്‍. ഇത് യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര നിക്ഷേപ അവസരങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിവിധ ഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നെത്തുന്ന ഉന്നത വ്യക്തിത്വങ്ങളെയും ഉദ്യോഗസ്ഥരെയും യു.എ.ഇ അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റ് - എംബസി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.