നാല് താമസമേഖലകളിൽ റോഡ് വികസനത്തിന് പദ്ധതി
text_fieldsദുബൈ: എമിറേറ്റിലെ പ്രധാന നാല് റസിഡൻഷ്യൽ മേഖലകളിൽ റോഡുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ് എന്നിവിടങ്ങളിലെ എൻട്രി, എക്സിറ്റ് പോയന്റുകളാണ് നവീകരിക്കുക.
നാദ് ഹസ്സ, അൽ അവീർ ഒന്ന്, അൽ ബർഷ സൗത്ത്, വാദി അൽസഫ മൂന്ന് തുടങ്ങിയ നാല് റസിഡൻഷ്യൽ ഏരിയകളിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള വാഹനങ്ങളുടെ പ്രവേശനം ഇതുവഴി കൂടുതൽ സുഗമമാകും.
പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിൽ വാഹനങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷി 50 മുതൽ 80 ശതമാനംവരെ വർധിക്കും. നാല് പ്രദേശങ്ങളിലായി ഏതാണ്ട് നാല് ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ആർ.ടി എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
റോഡ് ശൃംഖലകൾ, തെരുവുവിളക്കുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജ് സംവിധാനങ്ങൾ തുടങ്ങി റസിഡൻഷ്യൽ ഏരിയകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽനിന്ന് നാദ് ഹസ്സയിലേക്ക് രണ്ട് ലൈനുകളോട് കൂടിയ പുതിയ എൻട്രി, എക്സിറ്റ് കവാടങ്ങളാണ് നിർമിക്കുന്നത്. ഇതുവഴി മണിക്കൂറിൽ 6000 വാഹനങ്ങളെ ഉൾക്കൊള്ളാനാവും.
അൽ അവീർ ഒന്നിനെ എമിറേറ്റ്സ് റോഡുമായി ബന്ധിപ്പിക്കുന്ന 7.5 കിലോമീറ്റർ റോഡാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നവീകരണ പ്രവൃത്തി.
ഇവിടെ നിർമിക്കുന്ന എൻട്രി, എക്സിറ്റ് പോയന്റുകൾ വഴി മണിക്കൂറിൽ 1500 മുതൽ 3000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഹസ്സ സ്ട്രീറ്റിലും അൽ ബർഷ സൗത്ത് ജങ്ഷനിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ഹസ്സ സ്ട്രീറ്റിൽനിന്ന് അൽ ബർഷ സൗത്തിലേക്ക് പോകുന്ന മൂന്നാമത്തെ ഇടത് ലൈൻ വികസിപ്പിക്കുകയും ചെയ്യും.
കൂടാതെ ഹസ്സ സ്ട്രീറ്റിൽ 1114 കിലോമീറ്റർ നീളത്തിൽ രണ്ട് വരി പാത നവീകരിക്കുകയും ചെയ്യും. ദുബൈ-അൽ ലെൻ റോഡിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ശൈഖ മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് നേരിട്ടുള്ള പ്രവേശനം സാധ്യമാക്കുന്നതാണ് വാദി അൽ സഫ 3ലെ നവീകരണ പദ്ധതി.
അൽ വർഖയിൽ നിർമിക്കുന്ന എൻട്രി, എക്സിറ്റ് പോയന്റുകൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.