വിദേശ വ്യാപാരത്തിൽ കുതിച്ചുചാട്ടത്തിന് പദ്ധതി
text_fieldsദുബൈ: 25 പുതിയ അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശിച്ച് രാജ്യത്തിെൻറ വിദേശ വ്യാപാരത്തിൽ വൻ മുന്നേറ്റത്തിന് യു.എ.ഇയുടെ തീരുമാനം.
അബൂദബി ഖസ്ർ അൽ വത്നിൽ നടന്ന കാബിനറ്റ് യോഗത്തിലാണ് ഇതിന് എണ്ണയിതര കയറ്റുമതി വികസനത്തിനുള്ള ദേശീയ പദ്ധതിക്ക് അംഗീകാരം നൽകിയത്. കയറ്റുമതിയിൽ വരുംവർഷങ്ങളിൽ 50 ശതമാനം വളർച്ച ലക്ഷ്യമിടുന്നതായും തീരുമാനം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ അറിയിച്ചു. രാജ്യം കൈവരിച്ച വ്യാപാരനേട്ടങ്ങളും ഭാവി കാഴ്ചപ്പാടും അദ്ദേഹം വിശദീകരിച്ചു.
യു.എ.ഇയുടെ എണ്ണയിതര വാർഷിക വ്യാപാരം 1.5 ട്രില്യൺ ദിർഹം പിന്നിട്ടതായും 400 ലോക നഗരങ്ങളിൽ രാജ്യത്തിെൻറ ലോജിസ്റ്റിക്സ് ശൃംഖലയുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ആഗോള വ്യാപാര മത്സരശേഷിയിൽ രാജ്യം ആദ്യ 20 സ്ഥാനങ്ങളിലുണ്ട്. ആകെ സാമ്പത്തിക ഉൽപാദനത്തിെൻറ 70 ശതമാനത്തിലേറെയും എണ്ണയിതര വരുമാനമാണ്. അടുത്ത വർഷങ്ങളിൽ ഇതിൽ വളർച്ചയുണ്ടാകും.
രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ ഉയർച്ചക്ക് ഫെഡറൽ, പ്രാദേശിക തലങ്ങളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും. അടുത്ത പതിറ്റാണ്ടുകളിലും ദൈവ സഹായത്താൽ യു.എ.ഇ ലോകത്തിെൻറ സാമ്പത്തിക തലസ്ഥാനമായി നിലനിൽക്കും -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഗവേഷണത്തിനും വികസനത്തിനും ദേശീയതലത്തിൽ ചെലവിടുന്ന തുകക്കും അംഗീകാരം നൽകിയതായി അദ്ദേഹം വ്യക്തമാക്കി. അറിവ് അടിസ്ഥാനമാക്കിയ സാമ്പത്തികപ്രവർത്തനത്തിന് മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 1.3 ശതമാനം യു.എ.ഇ ചെലവിടുന്നുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ അറബ് രാഷ്ട്രമാണ് രാജ്യം.
ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക, ദുരന്തനിവാരണ മേഖലകളിൽ ആവശ്യമായി വന്ന ചില നിയമഭേദഗതികൾക്കും കാബിനറ്റ് അംഗീകാരം നൽകി. വൈവിധ്യവും വ്യവസ്ഥാപിതവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്ത് ലോകത്തിലെ ഏറ്റവും മികച്ച ജീവിത നിലവാരമാണ് ലക്ഷ്യമിടുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.