‘നിഅ്മ’ അബൂദബിയുടെ മാതൃക
text_fieldsഇമാറാത്തിന്‍റെ ഭക്ഷ്യ സുരക്ഷയ്ക്കായി ആഗോള മാതൃക തന്നെ ഒരുക്കിയ യു.എ.ഇ, തലസ്ഥാനമായ അബൂദബി എമിറേറ്റിൽ ഭക്ഷണം പാഴാക്കൽ കുറയ്ക്കുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ചു.
ഉൽപ്പാദനം മുതൽ ഉപഭോഗം വരെ നീളുന്ന ശൃംഖലയിലുടനീളമുള്ള ഭക്ഷണം പാഴാക്കൽ കുറയ്ക്കുന്നതിനായി കൈകോർക്കുകയാണ് എഡിക്യു (മുമ്പ് അറിയപ്പെട്ടിരുന്നത് അബൂദബി ഡവലപ്മെന്‍റൽ ഹോൾഡിങ് കമ്പനി) വും ദേശീയ ഭക്ഷണം നശിക്കുന്നതും പാഴാകുന്നത് കുറയ്ക്കാൻ ലഷ്യമിട്ടുള്ള സംരംഭമായ ‘നിഅ്മ’യും. ഇരു സംഘടനകളും ചേർന്ന് സമാനമനസ്കരായ മറ്റ് കക്ഷികളുമായി സഹകരിച്ച് ഉത്തരവാദിത്ത ഉപഭോഗ ശൈലിയെ പിന്തുണയ്ക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി സംയുക്ത പദ്ധതികൾ വികസിപ്പിക്കും. ഭക്ഷണം നഷ്ടമാവുന്ന പ്രധാന കേന്ദ്രങ്ങൾ കണ്ടെത്താനും അതിനു പരിഹാരം കണ്ടെത്തിനൽകാനും നിഅ്മ എഡിക്യുവിനെ സഹായിക്കും.
അഗ്തിയ ഗ്രൂപ്പ്, സിലാൽ, ഫ്രഷ് പഴ വിതരണക്കാരായ യുനിഫ്രൂട്ടി ഗ്രൂപ്പ്, അന്താരാഷ്ട്ര കാർഷിക ഉപകരണ-ഭക്ഷ്യ കമ്പനിയായ ലൂയിസ് ഡ്രേഫുസ്, ലുലു ഗ്രൂപ്പ് ഇന്‍റർനാഷനൽ, കാലിത്തീറ്റ, അവശ്യ ഭക്ഷ്യ വസ്തുക്കളുടെ നിർമാതാക്കളും വിതരണക്കാരുമായ അൽ ദഹ്റ ഗ്രൂപ്പ് എന്നിവയുമായാണ് എഡിക്യു കൈകോർക്കുന്നത്. ഭക്ഷണത്തെ വിലയേറിയ പ്രകൃതിവിഭവമായി സംരക്ഷിക്കുന്നതിനൊപ്പം പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്‍റെ ഉൽപ്പാദനം ഉയർത്തുന്നതും പര്യാപ്തമാക്കുന്നതും അത് ഉപയോക്താവിന് താങ്ങാവുന്നതുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രാദേശിക ഭക്ഷ്യ-കാർഷിക മേഖലയിലെ ഒരു പ്രധാന നിക്ഷേപകൻ എന്ന നിലയിൽ, നിർണായകമാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് എഡിക്യുവിലെ ഡപ്യൂട്ടി ഗ്രൂപ്പ് സി.ഇ.ഒ മൻസൂർ അൽ മുല്ല പറഞ്ഞു.
യു.എ.ഇയിലെ ഭക്ഷണ സംവിധാനത്തിൽ ദീർഘകാലം നിലനിൽക്കുന്ന അടിസ്ഥാന മാറ്റം കൊണ്ടുവരുന്നതിന് കഴിഞ്ഞ രണ്ടുവർഷമായി നിഅ്മ നടത്തുന്ന നീക്കങ്ങൾക്ക് വേണ്ടത്ര ശ്രദ്ധയും സാമൂഹിക പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള തങ്ങളുടെ സമർപ്പണത്തിന്‍റെ പ്രതിഫലനമാണ് നിഅ്മയുടെ തങ്ങളുടെ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംയോജിത ഭക്ഷ്യ സുരക്ഷാ, കാര്‍ഷിക ഡാറ്റാ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എ.ഡി.എ.എഫ്.എസ്.എ.) ഡാറ്റാ പ്ലാറ്റ്‌ഫോം നേരത്തെ പ്രാവർത്തികമാക്കിയിരുന്നു. അബൂദബിയിലെ കാര്‍ഷിക, ഭക്ഷ്യ മേഖലയ്ക്കാവശ്യമായ കൃത്യവും ഉചിതവുമായ സംയോജിത വിവരം കൈമാറുന്നതിനും മികച്ച തീരുമാനം കൈക്കൊള്ളാന്‍ സഹായിക്കുന്നതുമായ പ്ലാറ്റ്‌ഫോം ആണിത്. ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക, സുസ്ഥിരമായ കാര്‍ഷിക വികസനത്തെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനാണിത്.
പ്രാദേശികവും മേഖലാപരവും ആഗോളതലത്തിലുള്ളതുമായ ഭക്ഷ്യ സുരക്ഷാ സാഹചര്യങ്ങളെ നിരീക്ഷിക്കാന്‍ സംയോജിത ഡാഷ് ബോര്‍ഡ് സൗകര്യം ഈ പ്ലാറ്റ്‌ഫോമിലുണ്ട്. പ്രാദേശിക കാര്‍ഷിക ഉല്‍പ്പാദനം, വ്യാപാരം, നിക്ഷേപം, ഭാവി ഉല്‍പ്പാദനം, ഭക്ഷ്യശേഖരത്തിന്റെ അളവ്, ഭക്ഷ്യ നഷ്ടം-മാലിന്യ നിരക്ക് തുടങ്ങിയവ പ്ലാറ്റ്‌ഫോമില്‍ കാണിക്കും. ഇതു കൂടാതെ കന്നുകാലികള്‍, സസ്യങ്ങളുടെ ആരോഗ്യം , കീട നിയന്ത്രണ പദ്ധതികള്‍, മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങള്‍ക്കെതിരായ വാക്‌സിനേഷന്‍ പദ്ധതികള്‍ തുടങ്ങിയവയുടെ ഡാറ്റകളും പ്ലാറ്റ്‌ഫോം നിരീക്ഷിക്കും.
കൃത്യമായ വിവര അവലോകനത്തിലൂടെ ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും ശാസ്ത്രീയമായ പ്രവചനങ്ങള്‍ നടത്താന്‍ പ്ലാറ്റ്‌ഫോമിനാവും. ഇതിനു പുറമേ ഉല്‍പ്പാദനവും ഉപയോഗവും വിശകലനം ചെയ്യുകയും നിലവിലെ ഭക്ഷ്യശേഖരം പരിശോധിക്കുകയും ചെയ്യും. ആഭ്യന്തരവും പ്രാദേശികവുമായ വിലനിലവാരം വിശകലനം ചെയ്യുന്ന പ്ലാറ്റ്‌ഫോം ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഭക്ഷ്യവസ്തുക്കളെ എത്രമാത്രം ആശ്രയിക്കേണ്ടിവരുമെന്നും കാണിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.