അജ്മാനിലെ കെട്ടിടങ്ങളെ തരംതിരിക്കാൻ പദ്ധതി
text_fieldsഅജ്മാൻ: എമിറേറ്റിലെ കെട്ടിടങ്ങളുടെ നിലവാരം വിലയിരുത്തി തരംതിരിക്കുന്ന പദ്ധതി നടപ്പാക്കുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷനാണ് വർഗീകരണ പ്രക്രിയക്ക് നേതൃത്വം നൽകുക.
ജൂലൈ ഒന്നുമുതൽ മൂന്നുമാസം നീളുന്ന പദ്ധതിയിൽ വിദഗ്ധരും യോഗ്യരുമായ ഉദ്യോഗസ്ഥരുടെ സംഘമാണ് വിലയിരുത്തലിന് നേതൃത്വം നൽകുക. കെട്ടിടങ്ങളുടെയും റിയൽ എസ്റ്റേറ്റ് സംവിധാനങ്ങളുടെയും സൗകര്യങ്ങളും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നതും സൂക്ഷ്മമായി പരിശോധിച്ചാണ് വർഗീകരണം നടത്തുക.
അന്താരാഷ്ട്രതലത്തിലെ മാനദണ്ഡങ്ങളും സവിശേഷതകളും അടിസ്ഥാനമാക്കിയാണ് തരംതിരിക്കൽ നടപ്പാക്കുകയെന്ന് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് വകുപ്പ് ഡയറക്ടർ ജനറൽ ഉമർ അൽ മുഹൈരി പറഞ്ഞു.
സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും നിക്ഷേപകർക്ക് എമിറേറ്റിൽ ഏതെങ്കിലും വസ്തു വാങ്ങുന്നതിലും വാടകക്ക് എടുക്കുന്നതിലും തീരുമാനമെടുക്കാൻ സൗകര്യമൊരുക്കാനും വർഗീകരണം സഹായകമാകും. കെട്ടിടങ്ങളുടെ വർഗീകരണം പൂർത്തിയാക്കാൻ സംയോജിത ഇലക്ട്രോണിക് പദ്ധതി രൂപപ്പെടുത്തിയതായും അൽ മുഹൈരി വ്യക്തമാക്കി. തരംതിരിക്കൽ പൂർത്തിയാക്കിയാൽ സുതാര്യമായ രീതിയിൽ ഇത് വെളിപ്പെടുത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.