അൽ ദഫ്ര തീരപ്രദേശങ്ങളിൽ മണ്ണൊലിപ്പ് തടയാൻ പദ്ധതി
text_fieldsഅബൂദബി: പശ്ചിമ അബൂദബിയിലെ (അൽ ദഫ്ര) തീരപ്രദേശങ്ങളിലെ മണ്ണൊലിപ്പ് തടയാൻ സമഗ്ര പദ്ധതി. സമുദ്രതീരത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ പദ്ധതികളാണ് അൽ ദഫ്ര റീജ്യൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. തീരദേശങ്ങളിൽ മണ്ണൊലിപ്പ് കുറക്കുന്നതിന് പാറക്കല്ലുകൾകൊണ്ട് ബ്രേക്ക്വാട്ടറുകൾ സൃഷ്ടിച്ച് തിരമാലകളുടെ ശക്തി കുറക്കുന്നതിനും തീരദേശത്തെയും അവിടെ അധിവസിക്കുന്ന വന്യജീവികളെയും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളാണ് നടക്കുന്നത്. തിരയടിച്ച് നാശം സംഭവിക്കുകയും മണ്ണൊലിച്ചുപോവുകയും ചെയ്യുന്നത് തടയുകയും പാറകൊണ്ടുള്ള ബ്രേക്ക് വാട്ടർ പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യും. ഡെൽമ ദ്വീപിലെ വിമാനത്താവളത്തിെൻറ റൺവേയുടെ സംരക്ഷണവും പദ്ധതിയുടെ ഭാഗമായി നടത്തുന്നു.
മണ്ണൊലിപ്പിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ബ്രേക്ക്വാട്ടർ പദ്ധതി അൽ ജസീറ ആശുപത്രിയുടെ പിന്നിലാണ് ഇതിനകം പൂർത്തിയാക്കിയത്. സംരക്ഷണ ഭിത്തിക്ക് നാല് മീറ്റർ വീതിയുണ്ട്. 2.3 മീറ്റർ ഉയരവും 1185 മീറ്റർ നീളവുമുള്ള ബ്രേക്ക് വാട്ടർ മതിലും 378 മീറ്റർ നീളമുള്ള കോൺക്രീറ്റിെൻറ അടിത്തറയും ഡെൽമ ദ്വീപിലെ തീരദേശത്ത് പൂർത്തിയായി. മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും സേവനങ്ങൾക്കുമൊപ്പം നവീകരണ പ്രവർത്തനങ്ങളും അൽദഫ്ര മേഖലയിൽ നടന്നുവരുന്നു. ഡെൽമ ദ്വീപിലെ മനോഹരമായ ബീച്ചുകളുടെ സൗന്ദര്യവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള സാധ്യതകളും കണക്കിലെടുത്താണിവ നടപ്പാക്കുന്നത്. ഡെൽമ ദ്വീപും പരിസരവും വിനോദസഞ്ചാരത്തിന് അനുകൂലമായതിനാൽ ദ്വീപിലെ പുരാവസ്തു, പൈതൃക സ്മാരകങ്ങളും സംരക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.