പച്ചപ്പിന്റെ പ്രാധാന്യം വിളിച്ചോതി അബൂദബി മുനിസിപ്പാലിറ്റി ശില്പശാല
text_fieldsഅബൂദബി: പരിസ്ഥിതി സംരക്ഷണത്തിനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അബൂദബിയിലെ വിദ്യാര്‍ഥികള്‍ അടക്കമുള്ള സമൂഹത്തെ ഓര്‍മപ്പെടുത്തി അധികൃതര്‍. ഓണ്‍ലൈനായി അബൂദബി സിറ്റി മുനിസിപ്പാലിറ്റിയും അബൂദബി അഗ്രികള്‍ചര്‍ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി നടത്തിയ ശില്പശാലയില് ഗ്രീന്‍ ഫ്ലാഗ് അവാര്‍ഡിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തി. ഗ്രീന്‍ ഫ്ലാഗ് അവാര്‍ഡ് ഉപയോഗിച്ച് മേഖലയിലെ പാര്‍ക്കുകളുടെയും പച്ചപ്പുകളുടെയും നിലവാരം മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
സ്കൂള്‍ വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും കാര്‍ഷിക ബോധവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി ശില്പശാല നടത്താന്‍ തുടങ്ങിയത്. ഉദ്യാനങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരത്തിന് അന്താരാഷ്ട്ര തലത്തില്‍ നല്കുന്ന പുരസ്കാരമാണ് ഗ്രീന്‍ ഫ്ലാഗ്. സന്ദര്‍ശകര്‍ക്ക് സ്വീകരണസ്ഥലം, ആരോഗ്യപരവും സുരക്ഷിതവുമായ ഇടങ്ങള്‍ തയാറാക്കുക, ശുചിത്വമുള്ള ഇടം, പ്രകൃതിയും പൈതൃകവും സംരക്ഷിക്കുക, സാമൂഹിക ഇടപെടല്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. അബൂദബി ഉദ്യാനങ്ങളെ മികവുറ്റതാക്കിത്തീര്ത്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഇതിലൂടെ ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഗ്രീന്‍ ഫ്ലാഗ് പുരസ്കാരത്തിനായുള്ള പരിശ്രമങ്ങള്‍ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.