സ്വദേശി യുവജനങ്ങളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ പദ്ധതി
text_fieldsദുബൈ: സ്വകാര്യ മേഖലയിലുൾപെടെ സ്വദേശി യുവതക്ക് തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നതിന് തന്ത്രപരമായ പദ്ധതികളുമായി ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ. പ്രാദേശിക മാനവ വിഭവശേഷി ഉയർത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ജോലി നേടുന്നതിനും നിലനിർത്തുന്നതിനുമുള്ള ദുബൈയുടെ ശ്രമങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇമാറാത്തി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻറ് കൗൺസിൽ സ്ഥാപിച്ചു.
സ്വകാര്യമേഖലയിൽ ഇമാറാത്തികളുടെ തൊഴിൽ വർദ്ധിപ്പിക്കുന്നതിനുള്ള നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വികസിപ്പിക്കുന്നതിന് സർക്കാരും സ്വകാര്യമേഖലയും തമ്മിലെ സഹകരണം വർദ്ധിപ്പിക്കുകയാണ് പുതിയ കൗൺസിലിെൻറ പ്രധാന ചുമതല. ഇമാറാത്തി മാനുഷിക മൂലധനത്തിൽ നിക്ഷേപം നടത്തുന്നതിനും ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും എല്ലായ്പ്പോഴും ഉയർന്ന മുൻഗണന നൽകിയ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കാഴ്ചപ്പാടുകൾക്കനുസൃതമായാണ് പുതിയ പദ്ധതികളൊരുങ്ങുന്നത്.
ദുബൈയിലെ മത്സരാധിഷ്ഠിത വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് സജീവമായി സംഭാവന ചെയ്യുന്നതിന് തന്ത്രപരമായ പദ്ധതി ആവിഷ്കരിക്കുകയാണ് ലക്ഷ്യം. ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുക, ദേശീയ വികസനത്തിൽ പങ്കാളികളാകാനുള്ള പുതിയ അവസരങ്ങൾ യുവതക്കായി തുറന്നു നൽകുക, സ്വകാര്യമേഖലയെ ഇമാറാത്തികൾക്ക് കൂടുതൽ ആകർഷകമാക്കി മാറ്റുക എന്നിവയും ലക്ഷ്യങ്ങളാണെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
കൗൺസിലിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്, നോളജ് ആൻറ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) ഇമാറാത്തി വിദ്യാർത്ഥികളുടെ ഡാറ്റാബേസ് വികസിപ്പിക്കും. ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റുമായും മറ്റ് സർക്കാർ സ്ഥാപനങ്ങളുമായും സഹകരിച്ച് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ വികസിപ്പിക്കുകയും ഭാവിയിലെ തൊഴിൽ വിപണിക്ക് ആവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.