ദുബൈയെ ‘20 മിനിറ്റ് സിറ്റി’യാക്കാൻ പദ്ധതി
text_fieldsദുബൈ: ദിവസേന ആവശ്യമുള്ള സേവനങ്ങൾ 20 മിനിറ്റിനുള്ളിൽ ലഭ്യമാകുന്ന ‘20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് ദുബൈ ഗതാഗത വകുപ്പിന്റെ അംഗീകാരം. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ)യിലെ തന്ത്രപരമായ ആസൂത്രണത്തിനും കോർപറേറ്റ് പരിവർത്തനത്തിനുള്ള ഉന്നത സമിതിയാണ് 2024-2030 കാലത്തേക്കുള്ള സ്ട്രാറ്റജിക് പ്ലാൻ അംഗീകരിച്ചത്. സംയോജിതവും നൂതനവുമായ ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് പ്ലാൻ മുൻഗണന നൽകുന്നത്. 20 മിനിറ്റ് ദൈർഘ്യത്തിൽ നടന്നും സൈക്കിളിലും എത്താവുന്ന ദൂരത്തിൽ 80 ശതമാനം സേവനങ്ങൾ ലഭ്യമാക്കുക, ഗതാഗതസൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക, മൾട്ടി-മോഡൽ ഗതാഗതത്തിന്റെ മികച്ച സംയോജനം, ഗതാഗത സേവനങ്ങൾ വികസിപ്പിക്കുക, സ്മാർട്ട് പദ്ധതികൾ നടപ്പാക്കുക എന്നിവക്കാണ് പദ്ധതിയിൽ ഊന്നൽ നൽകുന്നത്. ആർ.ടി.എ ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറാണ് ഉന്നത സമിതിയുടെ അധ്യക്ഷൻ.
ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദുബൈ അർബൻ പ്ലാൻ 2040, ദുബൈ പ്ലാൻ 2030, ദുബൈ ഗവൺമെന്റ് നിർദേശങ്ങൾ, യു.എ.ഇ ഗവൺമെന്റ് വിഷൻ, ‘ഞങ്ങൾ യു.എ.ഇ 2031’ എന്നിവയുമായി സംയോജിപ്പിച്ചാണ് ആർ.ടി.എ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കുന്ന ലക്ഷ്യത്തിനനുസരിച്ച് ‘സീറോ-എമിഷൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഇൻ ദുബൈ 2050’ എന്ന നയത്തിനും ആർ.ടി.എ രൂപം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 2040ഓടെ എമിറേറ്റിലെ 100 ശതമാനം ടാക്സികളും ലിമോസിനുകളും ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളാക്കി മാറ്റാനും 2050ഓടെ പൊതുഗതാഗത ബസുകൾ മുഴുവൻ ഇലക്ട്രിക്, ഹൈഡ്രജൻ ഇന്ധനത്തിലോടുന്നതാക്കാനും ആർ.ടി.എ ലക്ഷ്യമിടുന്നുണ്ട്. കോപ് 28 ഉച്ചകോടിക്ക് യു.എ.ഇ ആതിഥ്യമരുളുന്ന പശ്ചാത്തലത്തിലാണ് സീറോ എമിഷൻ ഗതാഗതമാർഗങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.