അബൂദബിയിൽ പ്ലാസ്റ്റിക് നിയന്ത്രണം ഫലപ്രദം
text_fieldsഅബൂദബി: ഒരുവർഷത്തിനിടെ അബൂദബിയിൽ കുറച്ചത് അഞ്ച് ലക്ഷത്തിലേറെ ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം. ഇക്കാലയളവില്‍ പുനരുൽപാദനത്തിനായി 300 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു.
2022ല്‍ അബൂദബി പരിസ്ഥിതി ഏജന്‍സി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് എമിറേറ്റിന് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. 2024ഓടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് യു.എ.ഇയെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സലിം അല്‍ ധാഹിരി പറഞ്ഞു. 2022 ജൂണ്‍ ഒന്നുമുതലാണ് അബൂദബിയില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. അബൂദബിയിലെ വന്‍കിട ചില്ലറ വ്യാപാരികളും ഈ ഉദ്യമത്തില്‍ പങ്കാളികളായത് പദ്ധതിയുടെ വിജയത്തില്‍ നിര്‍ണായകമായി. 2021ല്‍ 72 ലക്ഷം പ്ലാസ്റ്റിക് കുപ്പികളായിരുന്നു ശേഖരിച്ചതെങ്കില്‍ 2022ല്‍ ഇത് മൂന്ന് കോടിയായി ഉയര്‍ന്നു. പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, കണ്ടെയ്നര്‍, പെട്ടികള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, കത്തികള്‍, സ്ട്രോ തുടങ്ങിയ മറ്റ് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം 2026 മുതല്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
പ്ലാസ്റ്റിക്കിനു പകരം തുണി ബാഗുകളോ അല്ലെങ്കില്‍ പേപ്പര്‍ ബാഗുകളോ ഉപയോഗിക്കുക, പ്ലാസ്റ്റിക് ബാഗുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കുക, പ്ലാസ്റ്റിക് കപ്പിനു പകരം ചില്ല് ഗ്ലാസുകള്‍ ഉപയോഗിക്കുക, കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ സ്ട്രോ ഉപയോഗിക്കുക, വീണ്ടും വീണ്ടും വെള്ളം നിറച്ചുപയോഗിക്കാവുന്ന കുപ്പികള്‍ ഉപയോഗിക്കുക, സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ പരിഹാര മാര്‍ഗങ്ങളും അധികൃതര്‍ നിര്‍ദേശിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തോടെ ചണച്ചാക്കുകള്‍, ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍, പുതിയ പേപ്പര്‍ ബാഗുകള്‍, റീസൈക്കിള്‍ ചെയ്ത പേപ്പര്‍ ബാഗുകള്‍ തുണിസഞ്ചികള്‍, അന്നജം അടിസ്ഥാനമാക്കിയുള്ള ബാഗുകള്‍ തുടങ്ങിയവയാണ് ബദലായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.