ദയവുചെയ്ത് ഫ്ലാറ്റിലെ ബാൽക്കണിയിൽ കുട്ടികളെ നിർത്തല്ലേ...
text_fieldsഅബൂദബി: ശൈത്യകാലത്ത് ഫ്ലാറ്റുകളിലെ ബാൽക്കണിയിൽ നിന്ന് കുട്ടികളെ അകറ്റിനിർത്തണമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ശൈത്യകാലം ആസ്വദിക്കാൻ ഫ്ലാറ്റിെൻറ ബാൽക്കണിയിൽ ആളുകൾ കസേര വലിച്ചിട്ട് ഇരിക്കുന്നത് സ്വാഭാവികമാണെന്നും കുട്ടികളുടെ സുരക്ഷക്ക് ഇതു ഭീഷണിയാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. കസേരകളും മറ്റു ഫർണിച്ചറുകളും ബാൽക്കണിയിൽ ഉപേക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അബൂദബി പൊലീസ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ജനലുകളിലൂടെയും വാതിലുകളിലൂടെയും കുട്ടികൾ ബാൽക്കണിയിലേക്ക് കടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ബാൽക്കണിയിലെ കസേരകളിലോ ഫർണിച്ചറുകളിലോ കയറി പ്രകൃതിദൃശ്യങ്ങളും പുറംകാഴ്ചകളും കാണാൻ കുട്ടികൾ ശ്രമിച്ചേക്കാം. ഇതിനുള്ള സാഹചര്യം ഒഴിവാക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണ്.
രക്ഷിതാക്കൾ ഇല്ലാത്തപ്പോൾ ഇത്തരം സാഹചര്യങ്ങളിലൂടെ സംഭവിക്കുന്ന അപകടസാധ്യതകൾ കുറക്കുന്നതിനാണ് 'കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുക. ഫർണിച്ചറുകൾ വിൻഡോകളിൽനിന്ന് അകറ്റി നിർത്തുക. ജനലുകളിലും വാതിലുകളിലും ലോക്കുകൾ സ്ഥാപിക്കുക' എന്ന ബോധവത്കരണം നടത്തുന്നതെന്ന് അബൂദബി പൊലീസ് പറഞ്ഞു.
സ്ലൈഡിങ് വിൻഡോകൾ കുട്ടികൾക്ക് എളുപ്പത്തിൽ തുറക്കാൻ കഴിയുമെന്നതിനാൽ അവ കർശനമായി ലോക്ക് ചെയ്തിടാൻ ശ്രദ്ധിക്കണം.ജനലുകളിൽ മെറ്റൽ ബാറുകളും സുരക്ഷ ലോക്കുകളും സ്ഥാപിക്കണമെന്നും പൊലീസ് കുടുംബങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.