സൈബർ തട്ടിപ്പുകാരുടെ അന്താരാഷ്ട്ര ശൃംഖല തകർത്ത് പൊലീസ്
text_fieldsദുബൈ: നിരവധി രാജ്യങ്ങളിലെ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമാക്കി തട്ടിപ്പ് നടത്തിയ സൈബർ തട്ടിപ്പുകാരുടെ അന്താരാഷ്ട്ര ശൃംഖല തകർത്ത് ദുബൈ പൊലീസ്. കമ്പനി സി.ഇ.ഒമാരുടെ മെയിൽ ഹാക്ക് ചെയ്താണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്.
‘മെണോപൊളി’ എന്ന് പേരിട്ട ഓപറേഷനിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ വ്യാപിച്ച സംഘത്തിലെ 43 പേരെ പൊലീസ് പിടികൂടിയത്. യു.എ.ഇക്ക് പുറത്ത് താമസിക്കുന്ന മാഫിയയുടെ തലവനെയും 20 കൂട്ടാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഫ്രാൻസ്, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ പൊലീസുമായി സഹകരിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്.
രണ്ട് ഘട്ടങ്ങളിലായി 3.6 കോടി ഡോളർ സംഘം തട്ടിപ്പിലൂടെ കൈക്കലാക്കിയിട്ടുണ്ട്. ഒരു അക്കൗണ്ടിൽനിന്ന് മറ്റൊന്നിലേക്ക് പണം മാറ്റി വളരെ വേഗത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ ശ്രമിച്ചതായും കണ്ടെത്തി. മാത്രമല്ല, ഇടനിലക്കാർ മുഖേന പണം പിൻവലിക്കുകയും വിവിധ കമ്പനികളുടെ കാഷ് വാലറ്റുകളിൽ നിക്ഷേപിക്കുകയും ചെയ്തു.
ഏഷ്യൻ കമ്പനിയുടെ ഒരു അഭിഭാഷകൻ ദുബൈ പൊലീസിന്റെ ആന്റി സൈബർ ക്രൈം പ്ലാറ്റ്ഫോമിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ഇവരുടെ കമ്പനി സി.ഇ.ഒയുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് അക്കൗണ്ട് മാനേജറോട് ദുബൈയിലെ ബാങ്കിലേക്ക് 1.7 കോടി ഡോളർ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ അതിവേഗം അന്വേഷണം നടത്തിയ പൊലീസ്, പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് ഒരു വ്യക്തി 2018ൽ ആരംഭിച്ചതാണെന്ന് കണ്ടെത്തി. ഇയാൾ യു.എ.ഇയിൽനിന്ന് മടങ്ങുകയും ചെയ്തിരുന്നു. ഇയാളുടെ അക്കൗണ്ടിലെത്തിയ പണം മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുകയും അവിടെനിന്ന് കമ്പനികളുടെ കാഷ് വാലറ്റിലേക്ക് നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഇതേ സംഘം മറ്റൊരു കമ്പനിയുടെ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനം ഹാക്ക് ചെയ്ത് സമാന തട്ടിപ്പ് നടത്തിയതായും പൊലീസ് തിരിച്ചറിഞ്ഞു. യു.എ.ഇക്ക് പുറത്തുള്ള ഈ കമ്പനിയുടെ അക്കൗണ്ടിൽനിന്ന് 1.7 കോടി സമാന തട്ടിപ്പിലൂടെ സ്വന്തമാക്കി.
പണം അയച്ച അക്കൗണ്ടുകളുടെ വിവരങ്ങൾ പിന്തുടർന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്.
അന്താരാഷ്ട്ര തലത്തിലെ സൈബർ തട്ടിപ്പുകളെ പിന്തുടർന്ന് പിടികൂടിയത് ദുബൈ പൊലീസിന്റെ മികവിനെ അടയാളപ്പെടുത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.