പൊലീസ് പരിശ്രമം വിജയം; ബീച്ചുകളിലിപ്പോൾ മോഷണമില്ല
text_fieldsദുബൈ: ഒന്നര വർഷത്തിലേറെയായി ദുബൈയിലെ ബീച്ചുകളിൽ മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ്.ബീച്ചുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയതും ബോധവത്കരണം വർധിപ്പിച്ചതുമാണ് ഇത്തരം നേട്ടത്തിന് സഹായിച്ചത്.
മോഷണക്കേസുകൾ 2020െൻറ തുടക്കം മുതൽ ഇതുവരെയില്ലെന്നും അവസാന സംഭവം 2019ലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഹസൻ അൽ സുവൈദി പറഞ്ഞു. ബീച്ചിൽ പോകുന്നവരുടെ അശ്രദ്ധയാണ് മോഷണത്തിന് പ്രധാന കാരണം. പണവും വിലപിടിപ്പുള്ള വസ്തുക്കളും ബീച്ചിൽ വെക്കും. ചിലർ വിമാനത്താവളത്തിൽനിന്ന് നേരിട്ട് ലഗേജുകളുമായി ബീച്ചിലെത്തുന്നു.
നീന്തുേമ്പാൾ വിലപിടിപ്പുള്ള വസ്തുക്കൾ ശ്രദ്ധിക്കുന്നില്ല. പൊലീസ് കർശന നിരീക്ഷണം തുടരുന്നുണ്ടെങ്കിലും അശ്രദ്ധ ബീച്ചിലെത്തുന്നവരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2019ൽ എട്ടു സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഇവയിൽ പ്രതികൾ പിടിയിലായെന്നും അദ്ദേഹം വ്യക്തമാക്കി.
ബീച്ചുകളിൽ എട്ടു പൊലീസ് പട്രോളുകളാണ് നിലവിലുള്ളത്. ഇതിനു പുറമെ രഹസ്യ നിരീക്ഷണത്തിനും സംവിധാനമുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സന്നദ്ധരായ കടൽ രക്ഷാപ്രവർത്തകരുടെ 11 സൈക്കിൾ പട്രോളിങ് സംഘവുമുണ്ട്. ജുമൈറ ഓപൺ ബീച്ച്, ഉമ്മുസുഖൈം ബീച്ച്, ജെ.ബി.ആർ, അൽ മംസാർ ബീച്ച് പാർക് എന്നിയാണ് പോർട് പൊലീസ് നിരീക്ഷിക്കുന്ന ബീച്ചുകൾ.
എല്ലാവരും കടലിൽ നീന്തുന്ന സമയത്ത് ജാഗ്രത പാലിക്കണമെന്നും സൂര്യാസ്തമയശേഷം നീന്താൻ പോകരുതെന്നും ദുബൈ പൊലീസ് അഭ്യർഥിച്ചു. ദുബൈ മുനിസിപ്പാലിറ്റിയുടെ ലൈഫ് ഗാർഡുകൾ സൂര്യോദയം മുതൽ വൈകുന്നേരം വരെയാണ് രക്ഷാപ്രവർത്തനത്തിന് ബീച്ചിലുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.