നഷ്ടപ്പെട്ട ബാഗ് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്
text_fieldsദുബൈ: ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നഷ്ടപ്പെട്ട പണമടങ്ങിയ ബാഗ് 30 മിനിറ്റിനുള്ളിൽ കണ്ടെത്തി ഉടമകൾക്ക് തിരിച്ചേൽപിച്ച് ദുബൈ പൊലീസ്. കുവൈത്തിൽ നിന്നുള്ള സഹോദരങ്ങളുടേതായിരുന്നു ബാഗ്. 1,02,000 ദിർഹം, പാസ്പോർട്ടുകൾ, മറ്റു വസ്തുക്കൾ എന്നിവ അടങ്ങിയ ബാഗാണ് യാത്രക്കിടെ കാണാതായത്.
കുടുംബത്തിലെ അംഗം മരിച്ച വാർത്ത അറിഞ്ഞ ഇവർ ദുബൈയിൽനിന്ന് തിരികെ നാട്ടിലേക്ക് പോകാനായി ദുബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. തിരക്കിനിടെ പണവും രേഖകളും അടങ്ങിയ ബാഗ് മറന്നുവെക്കുകയായിരുന്നു. വിമാനത്തിൽ കയറിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഉടൻ സഹോദരിയെ വിവരം അറിയിക്കുകയും ഇവർ എയർപോർട്ട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് ദ്രുതഗതിയിൽ പ്രത്യേക ടീം രൂപവത്കരിച്ച് തിരച്ചിൽ ആരംഭിച്ചു. 30 മിനിറ്റിനുള്ളിൽ ബാഗ് മറന്നുവെച്ച സ്ഥലം കണ്ടെത്തിയ പൊലീസ് ഉടമകളുടെ സഹോദരിയെ വിളിച്ച് നിയമനടപടികൾ പൂർത്തീകരിച്ച് ബാഗ് തിരിച്ചേൽപ്പിക്കുകയും ചെയ്തതായി എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ഹമൗദ ബെൽസുവൈദ അൽ അംറി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.