സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പ് തുടരുന്നതായി പൊലീസ്
text_fieldsദുബൈ: ഗാർഹിക ജോലികൾക്കായി സഹായികളെ തിരയുന്നവർ തട്ടിപ്പിനിരയാവാതെ ശ്രദ്ധിക്കണമെന്നും അതിജാഗ്രത പുലർത്തണമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങൾ വഴി സഹായികളെ തിരയുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിരവധി തട്ടിപ്പുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തതെന്ന് റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു. ഇതിനകം ഇത്തരത്തിൽ 14 പരാതികളാണ് റിപ്പോർട്ട് ചെയ്തത്.
മഹാമാരിക്കാലത്ത് വീട്ടുജോലിക്കാരെ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് 9000 മുതൽ 13,000 ദിർഹം വരെ വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. 14 കേസുകളിലായി ഇത്തരത്തിൽ 87,520 ദിർഹമാണ് തട്ടിപ്പുകാർ കൈക്കലാക്കിയതെന്നും സയീദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് വെളിപ്പെടുത്തി.
മഹാമാരിക്കാലത്ത് ലോകത്തിലെ മിക്ക എയർപോർട്ടുകളും അടച്ചിട്ട സമയത്ത് പോലും ജോലിക്കാരെ എത്തിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ഇത്തരക്കാർ നിരവധിപേരെ കബളിപ്പിച്ച് പണം തട്ടി.ഒരുകുടുംബത്തിന് അവരുടെ വിശ്വാസം നേടാനായി ഒരു വീട്ടു സഹായിയെ വാഗ്ദാനം ചെയ്ത് എത്തിച്ച സംഘം കൂടുതലായി മൂന്നുപേരെ കൂടി എത്തിക്കാനായി 35,000 ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.പണം നിക്ഷേപിച്ച വീട്ടുകാർ ആഴ്ചകളോളം ഫോണിൽ ബന്ധപ്പെെട്ടങ്കിലും പ്രതികരണമുണ്ടായില്ല.
ഇത്തരത്തിൽ ആദ്യം വിശ്വാസം നേടിയെടുത്ത് പിന്നീട് തട്ടിപ്പ് നടത്തുന്നവരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൗരന്മാരിൽനിന്നും താമസക്കാരിൽനിന്നും റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് കേസുകൾ അന്വേഷിച്ച് വിജയകരമായി ട്രാക്കുചെയ്യാനും അറസ്റ്റ് ചെയ്യാനും ടാസ്ക് ടീം രൂപവത്കരിച്ചതായും സംശയിക്കുന്നവരും അവർക്കെതിരെ ആവശ്യമായ നിയമ നടപടികളും സ്വീകരിക്കുന്നതായും റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ വ്യക്തമാക്കി.
ഓൺലൈൻ പരസ്യങ്ങളുടെ കെണിയിൽ വീഴാതിരിക്കാനും ഔദ്യോഗികവും രജിസ്റ്റർ ചെയ്തതുമായതിനെക്കാൾ കുറഞ്ഞചെലവിൽ വീട്ടുജോലിക്കാരെ എത്തിക്കുന്ന ഏജൻസികളെ സമീപിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.