വാഹനങ്ങള്‍ നിയന്ത്രണം വിടുന്ന വിഡിയോ പങ്കുവെച്ച് പൊലീസ്
text_fieldsഅബൂദബി: വേനല്‍ കടുത്തതോടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. വേനൽകാലത്ത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ടയറുകള്‍ പൊട്ടിത്തെറിക്കുന്നതാണ്. ടയര്‍ പൊട്ടിയാല്‍ വാഹനം നിയന്ത്രണം വിടുകയും വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. അതിനാല്‍, വാഹനങ്ങളുടെ ടയറുകള്‍ ഇടയ്ക്കിടെ പരിശോധിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഓട്ടത്തിനിടെ ടയര്‍ പൊട്ടിയെങ്കിലും അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട രണ്ടുവാഹനങ്ങളുടെ വിഡിയോ പങ്കുവെച്ചാണ് അബൂദബി പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഡെലിവറി വാന്‍ റോഡില്‍ വട്ടംകറങ്ങി നില്‍ക്കുന്ന വിഡിയോ ആണ് ഇതില്‍ ഏറെ ഞെട്ടലുളവാക്കുന്നത്. ആദ്യ വാഹനത്തിന്റെ ടയര്‍ പൊട്ടിയെങ്കിലും സമീപത്തെ ക്രാഷ് ഗാര്‍ഡില്‍ ഉരഞ്ഞുനില്‍ക്കുകയാണ്.
ടയറുകള്‍ ഇടയ്ക്കിടെ പരിശോധിക്കണമെന്നും ടയറിലെ വിള്ളലുകളും മറ്റും പൊട്ടിത്തെറിക്കുന്നതിനും അപകടത്തിനും കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി. കേടായതോ വിണ്ടുകീറിയതോ ആയ ടയറിൽ ഓടുന്ന വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍ക്ക് 500 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയൻറും ചുമത്തുമെന്നും നേരത്തേ താക്കീത് നല്‍കിയിരുന്നു. പഴയ ടയറുകള്‍ വാങ്ങുന്ന താമസക്കാരുടെ പ്രവണതയെയും പൊലീസ് വിലക്കിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ക്ക് വേഗപരിധി നിഷ്‌കര്‍ഷിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ എമിറേറ്റിലുടനീളം സ്ഥാപിച്ചിരുന്നു.
മഴ, കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍മഞ്ഞ് തുടങ്ങി പ്രതികൂല കാലാവസ്ഥയുള്ള സമയത്താണ് ഈ ബോര്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമാവുക. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാന്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കും. ഉറക്കം വന്നാല്‍ വാഹനമോടിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.