വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ വലയിൽ വീഴരുതെന്ന് പൊലീസ്
text_fieldsഅബൂദബി: വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ മറവിലും പ്രമുഖ കമ്പനികളുടെ പേരുകള്‍ ദുരുപയോഗം ചെയ്തും ജോലിവാഗ്ദാനം നല്കി പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. റിക്രൂട്ട്മെൻറ് ഏജൻറുമാര്‍ക്ക് ഫോട്ടോകള്‍ കൊടുക്കരുതെന്നും ജോലിതേടുന്ന യുവതികളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എക്സ്പോയുടെ ജോലിസാധ്യതകള്‍ ദുരുപയോഗപ്പെടുത്തി ഇരകളെ കുടുക്കുന്ന നിരവധി ഓണ്‍ലൈന്‍ പരസ്യങ്ങളാണ് അടുത്തിടെ അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഇരകളുടെ വിശ്വാസം നേടുന്നതിനും പണം വാങ്ങിയശേഷം മുങ്ങുന്നതിനും തട്ടിപ്പുകാര്‍ പ്രമുഖ കമ്പനികളുടെ പേരുകള്‍ ഉപയോഗിക്കുന്നുണ്ട്.
ഇരകളെ വിശ്വസിപ്പിക്കാന്‍ യു.എ.ഇയില്‍ നടക്കുന്ന പ്രധാന സംഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കാനാണ് അബൂദബി പൊലീസ് ഉദ്യോഗാര്‍ഥികളോട് നിര്‍ദേശിച്ചിരിക്കുന്നത്. തട്ടിപ്പുകാര്‍ വ്യാജ കമ്പനികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പേജുകള്‍ ഉണ്ടാക്കിയശേഷം, ഈ കമ്പനികളുടെ ഔദ്യോഗിക റിക്രൂട്ടിങ് ഏജന്‍സിയാണെന്ന് പരസ്യം നല്‍കും. ഇതുകണ്ട് ജോലിക്കായി അപേക്ഷിക്കുന്നവരില്‍നിന്ന് മുന്‍കൂറായി നിശ്ചിത തുക ഈടാക്കുകയാണ് ആദ്യപടി. തുടര്‍ന്ന് ഇൻറര്‍വ്യൂ, പരീക്ഷ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് പരമാവധി ചൂഷണം ചെയ്ത് മുങ്ങുകയാണ് രീതിയെന്ന് അബൂദബി പൊലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി മാനേജര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി പറഞ്ഞു. ഈ തട്ടിപ്പുകാര്‍ റിക്രൂട്ട്മെൻറ് ഏജൻറായി വേഷംമാറി, തൊഴിലാളികളെ തിരയുന്ന പ്രധാന സ്ഥാപനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പരസ്യം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.