റമദാനിൽ യാചന വേണ്ട; കർശന നടപടികളുമായി അധികൃതർ
text_fieldsദുബൈ: വ്രതമാസത്തിൽ യാചനക്കെതിരെ രാജ്യത്താകമാനം ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിവിധ എമിറേറ്റുകളിലെ പൊലീസ്. യാചനയിലൂടെ വലിയ തുക തന്നെ വ്യക്തികളും ഗ്രൂപ്പുകളും ശേഖരിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.
യാചകർക്ക് പണമോ സഹായമോ ചെയ്യരുതെന്ന് താമസക്കാരോടും പൊലീസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിൽ രജിസ്റ്റർ ചെയ്ത സംവിധാനങ്ങൾ വഴി മാത്രമായിരിക്കണം സംഭാവനകൾ നൽകേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്. യാചന നിയപരമായി കുറ്റകൃത്യമായതിനാൽ ഒരുതരത്തിലും താമസക്കാർ ഇവരോട് ഇടപെടരുതെന്നും അധികൃതർ പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്നുള്ള സംഘടിത മാഫിയകളാണ് ഭൂരിഭാഗം യാചകരെയും റിക്രൂട്ട് ചെയ്യുന്നതെന്ന് വിവിധ എമിറേറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
റമദാൻ മാസത്തിൽ ധാനധർമങ്ങൾ വർധിപ്പിക്കുന്ന സന്ദർഭം മുതലെടുക്കാൻ ഇത്തരക്കാർ കൂടുതൽ യാചകരെ ഉപയോഗപ്പെടുത്തും. ഇക്കാര്യം മുന്നിൽക്കണ്ടാണ് അധികൃതർ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. മോഷണം, കുട്ടികളെയും പ്രായമായവരെയും ചൂഷണം ചെയ്യൽ, നിയമവിരുദ്ധമായി പണം സ്വരൂപിക്കൽ എന്നിങ്ങനെ മറ്റ് കുറ്റകൃത്യങ്ങളിലേക്ക് ഭിക്ഷാടനം നയിക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞ വർഷം റമദാനിൽ 382 യാചകരും 222 വഴിയോര കച്ചവടക്കാരും ഉൾപ്പെടെ 604 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭിക്ഷാടനവുമായി ബന്ധപ്പെട്ട് താമസക്കാരിൽനിന്ന് 2,235 പരാതികൾ കഴിഞ്ഞ തവണ ലഭിച്ചിട്ടുണ്ട്. 901 എന്ന കാൾ സെന്റർ വഴിയും ‘പൊലീസ് ഐ’ സേവനം വഴിയുമാണ് പരാതികൾ സ്വീകരിക്കുന്നത്.
‘ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ഒരു ആശയമാണ്’ എന്ന കാപ്ഷനിലാണ് ഇത്തവണ യാചനക്കെതിരായ കാമ്പയിൻ നടക്കുന്നത്. ദുബൈ പൊലീസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെൻറ്, ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബൈ മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നത്. ഷാർജയിലും അജ്മാനിലും പൊലീസ് വകുപ്പുകൾ റമദാന് മുന്നോടിയായി കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ശിക്ഷ കനത്ത പിഴയും തടവും
ദുബൈ: യു.എ.ഇയില്‍ സംഘടിത യാചനക്ക് കുറഞ്ഞത് ഒരുലക്ഷം ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. രണ്ടോ അതിലധികമോ പേരെ ഉള്‍പ്പെടുത്തി സംഘടിത ഭിക്ഷാടനം നടത്തുന്നവരെയാണ് കടുത്ത ശിക്ഷ കാത്തിരിക്കുന്നത്. സ്വന്തം നിലക്ക് ഭിക്ഷാടനത്തിന് ഇറങ്ങുന്നവർക്ക് കുറഞ്ഞത് 5000 ദിര്‍ഹം പിഴയും മൂന്നുമാസം തടവോ അതുമല്ലെങ്കിൽ രണ്ടുശിക്ഷകളും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ഓണ്‍ലൈനിലൂടെ നടത്തുന്ന ഇത്തരം സഹായ അഭ്യര്‍ഥനകള്‍ക്കും നിയമം ബാധകമാണെന്ന് പബ്ലിക്ക് പ്രോസിക്യൂഷന് നേരത്തെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.