അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നത് അപകടം വരുത്തുമെന്ന് പൊലീസ്
text_fieldsഅജ്മാന്‍: അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നതെന്ന് അജ്മാന്‍ പൊലീസ്. റോഡ് മുറിച്ചുകടക്കുന്നവര്‍ തങ്ങൾക്ക് നിശ്ചയിച്ച സ്ഥലങ്ങളിലൂടെ പോകാതെ മറ്റുവഴികള്‍ തേടുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് അജ്മാന്‍ പൊലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്‍റ് ഡയറക്ടർ ലെഫ്റ്റനന്‍റ് കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി വ്യക്തമാക്കി. കാല്‍നടക്കാര്‍ അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനത്തിന്‍റെ പെട്ടെന്നുള്ള നിയന്ത്രണം നഷ്ടമാകുന്നതായും ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായും പൊലീസ് വ്യക്തമാക്കി.
എമിറേറ്റിലെ മിക്ക റോഡുകളിലും പാലങ്ങളും കാൽനട ക്രോസിങ് ലൈനുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ക്രമരഹിതമായി കടന്നുപോകുന്നത് തടയാൻ ഹൈവേകളിൽ സാധ്യമായ തടസ്സങ്ങൾ സ്ഥാപിച്ചിട്ടും മുറിച്ചുകടക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളിലൂടെ ആളുകള്‍ കടന്നുപോകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ജീവഹാനി അടക്കമുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നു. അതിവേഗ പാതകൾ മുറിച്ചുകടക്കാന്‍ നിശ്ചയിച്ചിട്ടില്ലെങ്കില്‍ അതിനെ മറികടക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിശ്ചയിച്ച സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 400 ദിർഹം പിഴ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനമോടിക്കുന്നവര്‍ വേഗതയുടെ കാര്യത്തില്‍ കൃത്യത പാലിക്കണമെന്നും ഇത് അപകടങ്ങള്‍ കുറക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.