അബൂദബിയിൽ കുട്ടികളെ സ്കൂളുകളിൽ സ്വീകരിച്ച് പൊലീസ്
text_fieldsഅബൂദബി: ‘സ്കൂളുകളിലേക്ക് സുരക്ഷിതമായി മടങ്ങുക’ എന്ന കാമ്പയിനുമായി അബൂദബി പൊലീസ്. അധ്യയന വർഷത്തെ ആദ്യ ദിവസം ഹാപ്പിനസ് ആൻഡ് ചൈൽഡ് പട്രോൾ, അബൂദബി പൊലീസ്, പൊലീസ് മ്യൂസിക്കൽ ബാൻഡ് തുടങ്ങി നിരവധി വിഭാഗങ്ങൾ ചേർന്നാണ് അബൂദബിയിലും അൽ ഐനിലും അൽ ദഫ്റയിലും വിവിധ സ്കൂളുകളിലായി കുട്ടികളെ പൂക്കളും സമ്മാനങ്ങളും നൽകി സ്വീകരിച്ചത്.
പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേറ്റുകൊണ്ട് സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിൽ അബൂദബി പൊലീസ് വകുപ്പുകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി ഊന്നിപ്പറഞ്ഞു. ട്രാഫിക് സംസ്കാരം, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ വിവിധ വകുപ്പുകൾ സഹകരിക്കുന്നതിന്റെ പ്രാധാന്യം ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റിലെ ട്രാഫിക് ബോധവത്കരണ, വിദ്യാഭ്യാസ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ സയീദ് ഖലാഫ് അൽ ദഹരി ചൂണ്ടിക്കാട്ടി.
ഡ്രൈവർമാർക്കും റോഡ് ഉപയോക്താക്കൾക്കും വിദ്യാർഥികൾക്കും ട്രാഫിക് അവബോധം വർധിപ്പിക്കുന്നതിൽ തുടർന്നും നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയിലെ അൽ ഖാലിദിയയിലെ മുബാറക് ബിൻ മുഹമ്മദ് സ്കൂൾ, അൽ ഐനിലെ അൽ ജനേൻ കമ്പൈൻഡ് സ്കൂൾ, ഖലീഫ സ്കൂൾ, അൽ ദഫ്റ മേഖലയിലെ അൽ മിർഫ ഇന്റർനാഷനൽ പ്രൈവറ്റ് സ്കൂൾ, അൽ-ജനൈൻ ജോയന്റ് സ്കൂൾ എന്നിവ പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥർ സന്ദർശിക്കുകയും വിദ്യാർഥികളെ വരവേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.