കുട്ടികളുടെ ഓൺലൈൻ സുരക്ഷ നിർദേശങ്ങളുമായി പൊലീസ്
text_fieldsഅബൂദബി: രാജ്യത്ത് സ്കൂൾ അവധിക്കാലമായതിനാൽ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവും വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓൺലൈനിലെ ചതിക്കുഴികളിൽനിന്ന് കുട്ടികളെ സുരക്ഷക്കായി ചില നിർദേശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അബൂദബി പൊലീസ്. സൈബറിടം വഴി ഭീഷണിപ്പെടുത്തൽ, ഇന്റർനെറ്റിലെ അനുചിതമായ ഉള്ളടക്കം, ഓൺലൈൻ തട്ടിപ്പുകൾ, സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങി സൈബറിടത്തിലെ അപകട സാധ്യതകൾ ഏറെയാണ്. എന്നാൽ, സുരക്ഷിതവും ഉപകാരപ്രദവുമായ ഓൺലൈൻ അനുഭവം കുട്ടികൾക്ക് ഉറപ്പാക്കുന്നതിന് ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് അധികൃതരുടെ നിർദേശം. ‘സുരക്ഷിതമായ വേനൽ കാമ്പയിനി’ന്റെ ഭാഗമായി സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് നിർദേശം.
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിലുള്ള രക്ഷിതാക്കളുടെ നിരീക്ഷണവും മേൽനോട്ടവും വർധിപ്പിക്കണമെന്നാണ് അബൂദബി പൊലീസ് അഭ്യർഥിക്കുന്നത്. ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സൈബർ ഭീഷണിപ്പെടുത്തലും അപമാനിക്കലും തടയുന്നതിനായി കുട്ടികൾക്ക് അനുയോജ്യമായ ഗെയിമുകൾ തെരഞ്ഞെടുക്കാനും പഠിപ്പിക്കണം. അതോടൊപ്പം ഓൺലൈൻ ഗെയിമുകളിൽ ചെലവിടുന്ന സമയത്തിന് പരിധി നിശ്ചയിക്കുകയും മാനസികമായ കഴിവുകളും വ്യക്തിത്വ വികസനവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യണം. വിശ്വസനീയമല്ലാത്ത സൈറ്റുകളിൽനിന്ന് ഗെയിമുകൾ വാങ്ങുന്നത് അപകടം വരുത്തിവെക്കുകയും പണം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും. വിശ്വസനീയമായ സൈറ്റുകൾ മാത്രം ഉപയോഗിച്ച് ഗെയിമുകൾ വാങ്ങുകയും മോഷണം തടയാൻ ബാങ്കിലെ ഡെബിറ്റ് കാർഡുകളിൽ ക്രഡിറ്റ് ലിമിറ്റ് നിശ്ചയിക്കുകയും വേണം. രക്ഷിതാക്കൾക്ക് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉണ്ടെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘അമനി’ന്റെ ഹോട്ട്ലൈൻ സുരക്ഷ നമ്പറായ 8002626ൽ ബന്ധപ്പെടാം. 2828 എന്ന നമ്പറിൽ ടെക്സ്റ്റ് മെസേജായി പരാതികൾ അറിയിക്കാം. കൂടാതെ aman@adpolice.gov.ae എന്ന ഇമെയിൽ വിലാസത്തിലോ അബൂദബി പൊലീസ് അപ്പിലോ ബന്ധപ്പെടാവുന്നതാണ്.
സുരക്ഷ ഉറപ്പാക്കാൻ അഞ്ച് വഴികൾ
- ഇന്റർനെറ്റ് ഉപയോഗത്തിന് വ്യക്തമായ അടിസ്ഥാന നിയമങ്ങൾ സജ്ജമാക്കുക
- ഡാറ്റ ഫിൽട്ടറിങ്, റിപ്പോർട്ടിങ് ടൂൾ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക
- ഇന്റർനെറ്റിൽ കളിക്കുന്ന കുട്ടികൾക്കൊപ്പം സമയം ചെലവിടുക
- ഉത്തരവാദിത്ത ബോധത്തോടെയുള്ള ഇന്റർനെറ്റ് ഉപയോഗം കാണിച്ച് കൊടുക്കുക
- കളിക്കാനും കഴിവുകൾ സ്വയം പ്രകടിപ്പിക്കാനും കുട്ടികളെ അനുവദിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.