സഹിഷ്ണുതക്ക് പ്രോൽസാഹനം; യു.എ.ഇക്ക് മാർപാപ്പയുടെ അഭിനന്ദനം
text_fieldsദുബൈ: സഹിഷ്ണുതയും സമാധാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കാനായി യു.എ.ഇ നടത്തുന്ന ഇടപെടലുകൾക്ക് പോപ് ഫ്രാൻസിസ് മാർപാപ്പയുടെ അഭിനന്ദനം. അറബ് പത്രമായ ‘അൽ ഇത്തിഹാദി’ന് നൽകിയ അഭിമുഖത്തിലാണ് അന്തരാഷ്ട്ര തലത്തിൽ യു.എ.ഇയുടെ നിലപാടിനെ അദ്ദേഹം പ്രശംസിച്ചത്. ഒരു രാജ്യത്തിന്റെയും മഹത്ത്വം സമ്പത്തിന്റെ അടിസ്ഥാനത്തിലല്ല നിർണയിക്കേണ്ടത്. മറിച്ച് സമാധാനത്തിനും സാഹോദര്യത്തിനും സഹവർത്തിത്വത്തിനും വേണ്ടി അവർ നടത്തുന്ന ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ്. ആ രൂപത്തിൽ നോക്കുമ്പോൾ യു.എ.ഇയുടെ ഇടപെടലുകൾ പ്രശംസനീയമാണ് -പോപ് പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ പേരെടുത്ത് അഭിനന്ദനമറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ സമാധാനത്തെ പിന്തുണക്കുന്ന നിലപാടുകളും ലോകത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളെ ഉയർത്തിക്കൊണ്ടു വരാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയും മാർപാപ്പ പ്രത്യേകം പരാമർശിച്ചു.
യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ദീർഘദൃഷ്ടിയുള്ള നേതാവായിരുന്നുവെന്നും സഹിഷ്ണുതയും സാഹോദര്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്ന നിലപാടിലാണ് രാജ്യം കെട്ടിപ്പടുത്തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര പിതാവിന്റെ നിലപാടുകൾ പിന്തുടർന്നാണ് മക്കൾ പ്രവർത്തിക്കുന്നതെന്നും പോപ് ചൂണ്ടിക്കാട്ടി.2019ൽ അബൂദബി സന്ദർശിച്ചതിനെ അനുസ്മരിച്ച അദ്ദേഹം, വലിയ സ്വീകരണമാണ് ലഭിച്ചതെന്നും അതിന് നന്ദിയുണ്ടെന്നും പറഞ്ഞു. എല്ലാവരും ഒരൊറ്റ കുടുംബത്തിലെ അംഗങ്ങളാണെന്ന സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന യു.എ.ഇയുടെ സമാധാനത്തിനുള്ള അബൂദബി പ്രഖ്യാപനമായ ‘മനുഷ്യ സാഹോദര്യത്തിന്റെ പ്രമാണ’ത്തെയും മാർപാപ്പ അഭിനന്ദിച്ചു.
സ്വീഡനിലെ ഖുർആൻ കത്തിക്കൽ സംഭവത്തെ കുറിച്ച് ആദ്യമായി പ്രതികരിക്കാനും അഭിമുഖത്തിൽ അദ്ദേഹം സന്നദ്ധനായി. ഖുർആൻ കത്തിക്കുന്നത് അടക്കമുള്ള പ്രവണതകൾ അസ്വീകാര്യവും അപലപനീയവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്രം ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാനായി ഉപയോഗിക്കരുതെന്നും വിശ്വാസങ്ങൾ തമ്മിലെ സഹകരണം പരസ്പര ബഹുമാനത്തിന്റെയും സത്യസന്ധതയുടെയും അടിസ്ഥാനത്തിലുള്ളതാകണമെന്നും പോപ് അഭിപ്രായപ്പെട്ടു. നവംബറിൽ യു.എ.ഇയിൽ നടക്കുന്ന കോപ് 28 ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതികമായ വെല്ലുവിളികൾക്ക് പരിഹാരം നിർദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.