സർവിസാനന്തര ആനുകൂല്യത്തിന് നിക്ഷേപപദ്ധതി
text_fieldsദുബൈ: സർവിസ് കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന ബദൽ നിക്ഷേപപദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ ഭരണകൂടം. എൻഡ് ഓഫ് സർവിസ് ബെനിഫിറ്റ് എന്ന പേരിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയിലേയും ഫ്രീസോണുകളിലേയും സ്ഥാപനങ്ങളിലെ ജീവനക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് സർവിസ് ആനുകൂല്യം ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ കമ്പനികൾ പ്രത്യേക സമ്പാദ്യ, നിക്ഷേപ ഫണ്ടുകൾ സ്ഥാപിക്കണം.
തൊഴിൽമന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ സെക്യൂരിറ്റി ആൻഡ് കമ്മോഡിറ്റി അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുക.
തൊഴിലാളികളുടെ സമ്പാദ്യങ്ങൾ സംരക്ഷിക്കുകയും അവരുടെ നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അതേസമയം, സമ്പാദ്യ, നിക്ഷേപ ഫണ്ട് പദ്ധതിയിൽ അംഗമാകണോ എന്നത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. പൊതുമേഖല, സർക്കാർ സ്ഥാപനങ്ങൾക്കും പദ്ധതിയിൽ അംഗമാകാമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഭാരംകൂടിയ ഹെവി വാഹനങ്ങൾക്ക് റോഡിൽ വിലക്ക് വരുന്നു
ദുബൈ: യു.എ.ഇയിലെ റോഡുകളിൽ ഭാരംകൂടിയ ഹെവി വാഹനങ്ങൾക്ക് വിലക്ക് വരുന്നു. 65 ടണ്ണിൽ കൂടിയ ഭാരമുള്ള വാഹനങ്ങൾക്കാണ് അടുത്ത വർഷം ജനുവരി ഒന്നുമുതൽ നിരോധനം ഏർപ്പെടുത്തുന്നത്.
മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ ഫെഡറൽ നിയമമനുസരിച്ചാണ് ഇക്കാര്യം തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ഉയർന്ന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നിയമം നടപ്പാക്കുന്നതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
മന്ത്രിസഭ യോഗത്തിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം നിയന്ത്രിക്കുന്നതിന് ഫെഡറൽ നിയമവും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.