തൊഴിൽ പരസ്യങ്ങൾ നൽകി തട്ടിപ്പ് വ്യാപകം
text_fieldsഅൽഐൻ: സമൂഹ മാധ്യമത്തിൽ തൊഴിലവസരങ്ങൾ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും അല്ലാത്തതുമായ കമ്പനികളിൽ തൊഴിലാളികളെ വേണമെന്ന് കാണിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പരസ്യം നൽകുന്നത്. കമ്പനികൾ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും നൽകുന്ന തൊഴിൽ ഒഴിവുകൾ അതുപോലെ പകർത്തി തൊഴിലിന് അപേക്ഷ സമർപ്പിക്കേണ്ട ഇ-മെയിലും ലിങ്കുകളും വ്യാജമായി നൽകിയാണ് തൊഴിലന്വേഷകരുടെ വിവരങ്ങൾ കൈവശമാക്കുന്നത്.
പിന്നീട് ഇത്തരം തട്ടിപ്പുകാർ അപേക്ഷിച്ചവർക്ക് മുഴുവൻ ഓഫർ ലെറ്റർ അയക്കുകയാണ് ചെയ്യുക. കമ്പനികളുടെ ലോഗോയും ലെറ്റർ ഹെഡുകളും അതത് കമ്പനികളുടെ വെബ്സൈറ്റുകളിൽനിന്ന് എടുത്താണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. രജിസ്ട്രേഷനും തൊഴിൽ നിയമനത്തിനും പണം ആവശ്യപ്പെടുന്നതാണ് അടുത്ത പടി. തട്ടിപ്പ് മനസ്സിലാക്കി പണം തൊഴിലന്വേഷകർ നൽകിയില്ലെങ്കിലും വിവരങ്ങൾ ഉപയോഗിച്ച് പണം ഉണ്ടാക്കാൻ ഇത്തരക്കാർക്ക് കഴിയും. തട്ടിപ്പുകാർ വിവിധ കമ്പനികളുടെ പേരും ലോഗോയും ഉപയോഗിക്കുന്നത് അതത് കമ്പനികളുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്.
ടെലിഗ്രാം, വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമത്തിലൂടെയാണ് ഇത്തരം തട്ടിപ്പുകാർ തൊഴിൽ പരസ്യം നൽകുന്നത്. നാട്ടിലുള്ള തൊഴിൽ അന്വേഷകർക്ക് വ്യാജ വിസകൾ നിർമിച്ച്, അയച്ചുകൊടുത്ത അനുഭവങ്ങൾ ചില കമ്പനികൾക്ക് പറയാനുണ്ട്. വ്യാജ നിയമന ഉത്തരവ് ലഭിച്ച പലരും കമ്പനികളെ നേരിട്ട് ബന്ധപ്പെടുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കുന്നത്. അബൂദബി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെഡറൽ എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിന്റെ പേരിലും തൊഴിലവസരങ്ങളുണ്ടെന്ന് കാണിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജ പരസ്യം പ്രചരിക്കുന്നുണ്ട്.
നാട്ടിൽനിന്നുള്ളവർക്ക് വിസയും ടിക്കറ്റുമാണ് തട്ടിപ്പുകാർ ഇത്തരം പരസ്യങ്ങളിലൂടെ വാഗ്ദാനം നൽകുന്നത്. കമ്പനി ഏതാനും മാസങ്ങൾക്കു മുമ്പ് തൊഴിലവസരങ്ങളുണ്ടെന്ന് കാണിച്ച് വെബ്സൈറ്റിൽ പരസ്യം നൽകിയിരുന്നു.
അതേ പരസ്യം എടുത്താണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ കമ്പനി ഇത്തരത്തിൽ തൊഴിലാളി റിക്രൂട്ട്മെന്റിന് ഒരു ഏജൻസികളെയും ഏൽപിച്ചിട്ടില്ല എന്നാണ് കമ്പനി എച്ച്.ആർ മാനേജർ മിഥുൻ സിദ്ധാർഥൻ പറയുന്നത്. കമ്പനി നേരിട്ടോ സഹോദര സ്ഥാപനങ്ങൾ മുഖേനയോ മാത്രമാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. തട്ടിപ്പിൽനിന്ന് രക്ഷപ്പെടാൻ കമ്പനികളുടെ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ, കമ്പനികളെ നേരിട്ട് ഫോൺ മുഖേനയോ മറ്റോ ബന്ധപ്പെടുകയോ ചെയ്യുക എന്നത് മാത്രമാണ് മികച്ച മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.