പ്രശാന്ത് സ്കോറെഴുതുന്നു, 'വൺ ഹാൻഡ് മോഡിൽ'
text_fieldsദുബൈ: നോൺസ്ട്രൈക്കറെ കാഴ്ചക്കാരനാക്കി നിർത്തി ഒറ്റക്ക് കളിജയിപ്പിക്കുന്ന ബാറ്റ്സ്മാനെ പോലെയാണ് പ്രശാന്ത് കുമാറിെൻറ ഇടംകൈ. സ്വാധീനം നഷ്ടപ്പെട്ട വലതുകൈയെ സാക്ഷിനിർത്തി ഐ.പി.എലിൽ ഒറ്റക്കൈ കൊണ്ട് സ്കോർ എഴുതുകയാണ് പ്രശാന്ത്. അതിവേഗം ചലിക്കുന്ന ട്വൻറി20 ക്രിക്കറ്റിൽ അതിനേക്കാൾ വേഗത്തിലാണ് പ്രശാന്തിെൻറ കണക്കുപുസ്തകത്തിൽ സ്കോറുകൾ മിന്നിമായുന്നത്. ഐ.പി.എലിൽ ദുബൈ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിലെ മാനുവൽ സ്കോററാണ് ഈ തെലങ്കാനക്കാരൻ. വലതുകൈക്ക് സ്വാധീനമില്ലാതെ പിറന്നുവീണ പ്രശാന്തിന് എല്ലാമെല്ലാം ഇടംകൈയാണ്. ഇടംകൈയൻ ബൗളറും ഇടംകൈയൻ ബാറ്റ്സ്മാനും കൂടിയാണ് പ്രശാന്ത്.
രാജ്യാന്തര ക്രിക്കറ്റിൽ ഡിജിറ്റൽ സ്കോർബോർഡുകൾ സജീവമാണെങ്കിലും സ്കോർബുക്കിൽ എഴുതുന്ന പതിവ് ഇപ്പോഴും തുടരുന്നുണ്ട്. ഐ.പി.എൽ യു.എ.ഇയിൽ എത്തുന്നു എന്നറിഞ്ഞയുടൻ സ്കോററാവാനുള്ള ശ്രമം പ്രശാന്ത് തുടങ്ങിയിരുന്നു. ആഭ്യന്തര ക്രിക്കറ്റുകളിലും യു.എ.ഇയിൽ നടന്ന മറ്റു മത്സരങ്ങളിലുമെല്ലാം സ്കോർ എഴുതിയ പരിചയമുണ്ട്.
അതിലുപരിയായി ക്രിക്കറ്റ് ഫാനായ ബോസിനെ കിട്ടിയതാണ് തെൻറ ഭാഗ്യമെന്ന് പ്രശാന്ത് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. യോഗി ഗ്രൂപ്പിലെ അസിസ്റ്റൻറ് ഡിവിഷൻ മാനേജറാണ് പ്രശാന്ത്. സ്ഥാപന മാനേജർ ശിവ പഗരാനി ദുബൈ ക്രിക്കറ്റ് കൗൺസിലിെൻറ കൺവീനറാണ്. യോഗി ഗ്രൂപ്പിെൻറ ആഭ്യന്തര മത്സരങ്ങളിൽ സ്കോർ എഴുതിയായിരുന്നു തുടക്കം. പിന്നീട് ഇത് ഗൗരവമായി എടുക്കുകയായിരുന്നു. 2008 മുതൽ സ്കോററാണ് പ്രശാന്ത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് നടത്തിയ സ്കോറർ പരിശീലനത്തിൽ പങ്കെടുക്കുകയും പരീക്ഷ പാസാവുകയും ചെയ്തിട്ടുണ്ട്.
യു.എ.ഇയിൽ നടന്ന 2014 ഐ.പി.എല്ലിലും ട്വൻറി20 ലോകകപ്പ് യോഗ്യത മത്സരങ്ങളിലും പാകിസ്താെൻറയും അഫ്ഗാനിസ്താെൻറയും മത്സരങ്ങളിലും പാകിസ്താൻ സൂപ്പർ ലീഗിലും പ്രശാന്തിെൻറ കൈകളാണ് സ്കോർബോർഡിന് വേഗം നൽകിയത്. ഇതിലെല്ലാമുപരി, കാണികൾക്ക് പ്രവേശനമില്ലാത്ത ഐ.പി.എല്ലിൽ മത്സരങ്ങൾ കാണാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് പ്രശാന്ത്. പകൽ ജോലി കഴിഞ്ഞ് വൈകീട്ടാണ് സ്കോർ എഴുതുന്നതിന് സ്റ്റേഡിയത്തിൽ എത്തുന്നത്. കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധന നടത്തിയ ശേഷമാണ് സ്റ്റേഡിയത്തിലേക്ക് കയറ്റുന്നത്.
വളരെ സൂക്ഷ്മത ആവശ്യമുള്ള മേഖലയാണ് സ്കോറെഴുത്ത്. അമ്പയറുടെ ചെറിയൊരു സിഗ്നൽ പോലും ഗ്രഹിച്ചെടുക്കാനുള്ള കഴിവും സൂക്ഷ്മതയും സ്കോറർക്കുണ്ടാവണം. ക്രിക്കറ്റിലെ ഓരോ നിയമമാറ്റവും മനസ്സിലാക്കിയിരിക്കണം. സ്വാധീനക്കുറവെന്ന പരിമിതിയെ ഗാലറിക്ക് പുറത്ത് നിർത്തിയതിനാലാണ് പ്രശാന്ത് യു.എ.ഇ ക്രിക്കറ്റിെൻറ പ്രിയപ്പെട്ട സ്കോററായത്.
ഡിജിറ്റൽ കാലത്ത് സ്കോർബുക്ക് വേണോ?
എല്ലാം ഡിജിറ്റലായ ഈ കാലത്ത് ബുക്കിൽ സ്കോർ എഴുതേണ്ടതുണ്ടോ എന്ന് പലരും ചോദിക്കാറുണ്ടെന്ന് പ്രശാന്ത് പറയുന്നു. എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും സ്കോർബുക്കിൽ എഴുതേണ്ടത് നിർബന്ധമാണ്. സ്കോറിലെ സുതാര്യതക്ക് വേണ്ടിയാണിത്. ഡിജിറ്റൽ സ്കോർബോർഡിന് എന്തെങ്കിലും സംഭവിച്ചാൽ അമ്പയർമാർ ആശ്രയിക്കുന്നത് സ്കോർ ബുക്കിനെയാണ്. ഇതിനൊരു ഉദാഹരണമായി സ്വന്തം അനുഭവം പ്രശാന്ത് വിവരിക്കുന്നു. ദുബൈയിൽ നടന്ന ശ്രീലങ്ക- പാകിസ്താൻ മത്സരത്തിെൻറ രണ്ടാം ഇന്നിങ്സിനിടെ പെട്ടെന്ന് ഡിജിറ്റൽ സ്കോർബോർഡ് നിലച്ചു. സ്വകാര്യ സൈറ്റുകളുടെ സ്കോർബോർഡുകളെ അമ്പയർമാർ വിശ്വസിച്ച് ആശ്രയിക്കാറില്ല. അന്ന് രക്ഷക്കെത്തിയത് തെൻറ കൈയിലുള്ള സ്കോർബുക്കായിരുന്നുവെന്ന് പ്രശാന്ത് ഓർമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.