പ്രവാസി ഭാരതീയസമ്മാൻ; മലയാളിത്തിളക്കമായി സിദ്ധാർഥ് ബാലചന്ദ്രൻ
text_fieldsദുബൈ: ഈവർഷത്തെ പ്രവാസി ഭാരതീയസമ്മാൻ പ്രഖ്യാപിച്ചപ്പോൾ യു.എ.ഇക്കും മലയാളികൾക്കും അഭിമാനനേട്ടമായി സിദ്ധാർഥ് ബാലചന്ദ്രൻ. ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഈ തിരുവനന്തപുരം സ്വദേശിയെ പുരസ്കാരത്തിന് അർഹനാക്കിയത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 27 അംഗ പട്ടികയിൽ ഗൾഫിൽനിന്നുള്ള ഏക പ്രതിനിധിയാണ് സിദ്ധാർഥ്. ഇന്ത്യയിലും യു.എ.ഇയിലും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. തൊഴിലാളികളുടെ ക്ഷേമത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമായിരുന്നു. 2019 മുതല്‍ ദുബൈ ആസ്ഥാനമായ ഇന്ത്യാ ക്ലബിന്‍റെ ചെയര്‍മാനാണ്. 2010-2012ലും സിദ്ധാര്‍ത്ഥ് ചെയർമാനായിരുന്നു. 33ാം വയസ്സിൽ ഇന്ത്യ ക്ലബിന്‍റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സിദ്ധാർഥ്. പ്രമുഖ ഇന്ത്യൻ വ്യവസായികൾ ഉൾപ്പെടുന്ന ക്ലബാണിത്.
നിശ്ചദാര്‍ഢ്യ വിഭാഗത്തിൽപെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ നിരവധി പ്രവർത്തനങ്ങൾ നടത്തി. ദുബൈ ഓട്ടിസം സെന്‍റർ, അബൂദബി സെന്‍റർ ഫോർ സ്പെഷൽ നീഡ്സ് എന്നിവക്കും അകമഴിഞ്ഞ സഹായങ്ങളെത്തിച്ചു. 2011ൽ ഇന്ത്യൻ കോൺസലേറ്റുമായി ചേർന്ന് ദുബൈയിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വനിതകൾക്കും കുട്ടികൾക്കുമായി ഫണ്ട് സ്വരൂപിച്ചു. ഇതിലേക്ക് സിദ്ധാർഥ് അഞ്ച് ലക്ഷം ദിർഹം (ഒരുകോടി രൂപ) സംഭാവനയായി നൽകി. ഇന്ത്യൻ കോൺസലേറ്റിന്‍റെ കീഴിലുള്ള സാമൂഹിക ക്ഷേമസമിതിയുടെ രക്ഷാധികാരിയാണ്. ആൽഫ പാലിയേറ്റിവ് സെന്‍ററിന്‍റെ മുഖ്യരക്ഷാധികാരിയാണ്. ഇന്ത്യയിലെ ഉത്രാടം തിരുനാൾ ശ്രീമാർത്താണ്ഡ വർമ ഫൗണ്ടേഷന്‍റെ രക്ഷാധികാരിയാണ്.
അബൂദബി സ്‌പെഷല്‍ കെയര്‍ സെന്‍ററിന്‍റെ സ്‌കൂള്‍ പദ്ധതിക്ക് വലിയ സഹായം നൽകിയിരുന്നു. ബംഗ ഗ്രൂപ് സാരഥികളിലൊരാളാണ്. അബൂദബി ഇന്ത്യ സോഷ്യല്‍ സെന്‍റർ മുഖ്യരക്ഷാധികാരിയായിരുന്നു. എസ്.ബി ഗ്ലോബല്‍ എജുക്കേഷനല്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഇന്ത്യയിലെ എക്സിക്യൂട്ടിവ് ഡയറക്ടര്‍, ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വിസസില്‍ സ്ട്രാറ്റജിക് അക്കൗണ്ട്‌സ്, ടി.വി ചാനലുകളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എസ്.ബി ഗ്ലോബല്‍ എജുക്കേഷനല്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉന്നത മാനേജ്മെന്‍റ് ടീമംഗം, ചെന്നൈ ശ്രീവാസ് റൂഫിങ് പ്രൈവറ്റ് ലിമിറ്റഡ്-വിശ്രാം ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാന്‍ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1976 ജൂൺ ഒന്നിന് ആർ. ബാലചന്ദ്രൻ-സബിത വർമ ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് ജനനം. ഇതിഹാസചിത്രകാരൻ രാജ രവിവർമയുടെ പിൻഗാമിയാണ് അമ്മ സബിത വർമ. എറണാകുളം ചിന്മയ വിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം. മൈസൂർ യൂനിവേഴ്സിറ്റിയിൽനിന്ന് നാലാം റാങ്കോടെ സിവിൽ എൻജിനീയറിങ് പാസായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽനിന്ന് ഇന്‍റർനാഷനൽ ബിസിനസിൽ ബിരുദാനന്തര ബിരുദം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.