അവർ അന്തിയുറങ്ങുന്നത് ഈ മണ്ണിൽ
text_fieldsസൗദി അറേബ്യയിലെ ദവാദ്മി നഗരത്തിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെ ശാര റോഡിൽ മൂന്നാഴ്ച മുമ്പ് ഒരു ശ്മശാനം തുറന്നിരുന്നു. മണിക്കൂറുകൾ മാത്രം നീണ്ട ചർച്ചക്കൊടുവിൽ സൗദി ഭരണകൂടം ഇൗ ശ്മശാനം തുറന്നത് ഒരു മലയാളിക്ക് വേണ്ടിയായിരുന്നു. പിറന്ന നാട്ടിൽ അന്തിയുറങ്ങാൻ അവകാശം നിഷേധിക്കപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി ഡൊമിനിക്കിന് (38) അന്ത്യനിദ്രയൊരുക്കാനാണ് മറുനാട്ടിലെ ഭരണാധികാരികൾ റിയാദിൽ ശ്മശാനം തന്നെ തുറന്നത്. ആദ്യ മൃതദേഹത്തിന് ആദരമൊരുക്കി സകല സൈനിക ബഹുമതികളോടെയും പതാക പുതപ്പിച്ചുമായിരുന്നു ഡൊമിനികിനെ സൗദി സിവിൽ ഡിഫൻസ് യാത്രയാക്കിയത്.
അബൂദബിയിലെ ബനിയാസിലും ഒമാനിലെ സൊഹാറിലും ബഹ്റൈനിലെ സെമിത്തേരികളിലും കുവൈത്തിലെ സുലൈബീകാത്തിലും ഖത്തറിലെ ദൂഖാനിലുമെല്ലാം ഇതുപോലെ അവകാശം നിഷേധിക്കപ്പെട്ടവർ അന്തിയുറങ്ങുന്നുണ്ട്. പെട്ടിനിറയെ മിഠായിയും കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി മാതാപിതാക്കളും മാമൻമാരും വരുന്നതും കാത്ത് ഇവരുടെ കുഞ്ഞുമക്കൾ ഇപ്പോഴും കടലിനക്കെര കാത്തിരിക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ വെള്ളയിൽപൊതിഞ്ഞ ശരീരം ഒരുനോക്കു കാണാനും അന്ത്യചുംബനം നൽകാനും അന്ത്യകർമങ്ങൾ ചെയ്യാനും അവകാശം നിഷേധിക്കപ്പെട്ട ഭാര്യമാരും അമ്മമാരും ഭർത്താക്കൻമാരും മക്കളുമെല്ലാം കണ്ണീരൊഴുക്കി ജീവിതം തള്ളിനീക്കുേമ്പാഴും അവഗണനയുടെ പുതിയ വഴികളിലേക്ക് തള്ളിവിടുകയാണ് നമ്മുടെ ഭരണാധികാരികൾ.
പിറന്ന മണ്ണിൽ അലിഞ്ഞുചേരുക എന്നത് ഏതൊരാളുടെയും ജന്മാവകാശമാണ്. അതിന് വിലക്കേർപ്പെടുത്തിയതോടെ വിധിക്കപ്പെട്ടത് മറുനാട്ടിലെ ആറടി മണ്ണാണ്. ജാതിയുടെയും മതത്തിെൻറയും പേര് പറഞ്ഞ് കലഹിക്കുന്നവർ അബൂദബി ബനിയാസിലെ ഖബർസ്ഥാനിലേക്ക് എത്തിനോക്കണം. ഒരു ജാതിയുടെയും ദേശത്തിെൻറയും ഭാഷയുടെയും അളവുകോലില്ലാതെ എല്ലാ മതസ്ഥരെയും ഏറ്റുവാങ്ങുകയാണ് ഇൗ മരുഭൂമി. ഹിന്ദുമഹാസഭയുടെ ഒമാൻ സോഹാറിലെ ശ്മശാനത്തിലാണ് എറണാകുളം തോപ്പുംപടി സ്വദേശി വിപിൻ സേവ്യറെ അടക്കം ചെയ്തത്.
നാട്ടിലേക്ക് പെട്ടിയൊരുക്കി കാത്തിരിക്കുേമ്പാഴാണ് മലപ്പുറം വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഖിനെ വെള്ളിയാഴ്ച മരണം തട്ടിയെടുത്തത്. കോവിഡ് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും മൃതദേഹ പരിശോധനയിൽ പോസിറ്റിവാണെന്ന് കണ്ടെത്തിയതോടെ ദുബൈയിലെ അൽഖൂസ് ഖബർസ്ഥാനിൽ അലിഞ്ഞുചേരാനായിരുന്നു സാലിഖിെൻറ വിധി. കോവിഡ് പ്രോേട്ടാകോൾ ഉള്ളതിനാൽ പത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് മൃതദേഹത്തെ അനുഗമിക്കാൻ അവസരം ലഭിക്കുന്നത്. ചില രാജ്യങ്ങളിൽ ആശുപത്രി അധികൃതർതന്നെയാണ് സംസ്കരിക്കുന്നത്. മയ്യിത്ത് കുളിപ്പിക്കുന്നത് ആരോഗ്യപ്രവർത്തകർ. മരപ്പലകകളാൽ ചേർത്തുവെക്കപ്പെട്ട പെട്ടിയുടെ മുകളിൽ കോൺക്രീറ്റും മണ്ണും നിറച്ച ഖബറിടങ്ങളിലാണ് അവരുടെ അന്ത്യനിദ്ര.
കോവിഡ് ബാധിച്ചവർ മാത്രമല്ല, കേന്ദ്ര സർക്കാറിെൻറ നിഷേധ നിലപാടിനെ തുടർന്ന് നൂറുകണക്കിന് ഇന്ത്യക്കാരെയാണ് ഗൾഫ് രാജ്യങ്ങളിൽ ഖബറടക്കേണ്ടി വന്നിരിക്കുന്നത്. എല്ലാ പരിശോധനകളും കടമ്പകളും താണ്ടി നാട്ടിലേക്ക് അയച്ച മൃതദേഹങ്ങൾ തിരിച്ചയക്കുക എന്ന തുല്യതയില്ലാത്ത ക്രൂരതയും നേരിടേണ്ടി വന്നു സ്വന്തം ഭരണകൂടത്തിൽനിന്ന് ഇന്ത്യൻ പ്രവാസികൾക്ക്. പിറന്ന നാട് കാണിക്കാത്ത ഒൗദാര്യം അന്നം നൽകിയ നാട് കാണിക്കുന്നത് മാത്രമാണ് നാട്ടിലുള്ള കുടുംബങ്ങളുടെ ഏക ആശ്വാസം.
-ടി.എ. ഷിഹാബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.