യുക്രെയ്നിലെ മക്കളെയോര്‍ത്ത് ഉള്ളുരുകി അബൂദബിയിലെ പ്രവാസി മലയാളികള്‍
text_fieldsഅബൂദബി: മക്കളുടെ ഓരോ വിളികളും നല്കുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവില്ല. അവരുടെ മെസേജുകള്‍ക്കായി എത്രയോ നേരങ്ങളാണ് കാത്തിരിക്കേണ്ടിവരുന്നത്. ഓരോ നിമിഷവും ആശങ്കയിലാണ്. മറ്റൊരു പോംവഴിയും നിലവിലില്ല. പ്രാര്‍ഥന മാത്രം.
യുദ്ധം കൊടുമ്പിരികൊണ്ട യുക്രെയ്നില്‍ കുടുങ്ങിപ്പോയ മക്കളെയോര്‍ത്ത് ഉള്ളുരുകി കഴിയുകയാണ് അബൂദബിയിലെ ഈ പ്രവാസി മലയാളികള്‍. നിരവധി മലയാളി കുട്ടികളാണ് യുക്രെയിനില്‍ എം.ബി.ബി.എസ് പഠനത്തിനായി എത്തി, യുദ്ധസാഹചര്യങ്ങളില്‍ മടങ്ങിപ്പോരാനാവാതെ കുടുങ്ങിയത്. അബൂദബി മുറൂറിലെ അഷ്റഫിന്റെ മകള്‍ ആയിഷാ റെന്ന കഴിഞ്ഞ നാലു ദിവസങ്ങളായി ബങ്കറില്‍ തന്നെയാണുള്ളത്. അബൂദബിയിലേക്ക് മടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. കഴിഞ്ഞ ഡിസംബറിലാണ് എം.ബി.ബി.എസിന് ചേരാന്‍ യുക്രെയ്നിലെത്തിയത്.
നിലവില്‍ ഭക്ഷണവും മറ്റും ഉണ്ടെങ്കിലും ഈ മേഖലയിലുള്ള വിവിധ ബങ്കറുകളിലും മറ്റും അവശ്യവസ്തുക്കള്‍ പോലുമില്ലാതെ കഴിയുന്ന നിരവധിപേര്‍ കഷ്ടപ്പെടുകയാണെന്ന് ആയിഷ പറഞ്ഞതായി അഷ്റഫ് കൂട്ടിച്ചേര്‍ത്തു.
അബൂദബി മീഡിയയില്‍ ജോലി ചെയ്യുന്ന നിസാറുദ്ദീന്റെ മകള്‍ ഫാത്വിമ നിസാറുദ്ദീന്‍, മുസഫയിലെ സൈദ് ഹുസൈന്റെ മകള്‍ ഫാത്വിമ ജസ്ന എന്നിവര്‍ ഉള്ളതും ഖാര്‍കിവ് പട്ടണത്തില്‍ തന്നെയാണ്. എപ്പോഴും കനത്ത പോരാട്ടം നടക്കുന്നതിന്റെ ശബ്ദങ്ങള്‍ക്കിടയില്‍ തന്നെയുള്ള മക്കളുടെ കാര്യത്തില്‍ നിറയെ ആശങ്കയാണുള്ളത്. രണ്ടാളും ഹോസ്റ്റലുകളിലും ബങ്കറിലുമായി മാറിമാറി കഴിയുകയാണ്. വിവരങ്ങള്‍ അപ്പപ്പോള്‍ അറിയുന്നതാണ് ആശ്വാസമെന്നും എത്രയുംവേഗം പ്രശ്നങ്ങള്‍ അവസാനിക്കട്ടെ എന്നാണ് പ്രാര്‍ഥനയെന്നും നിസാറുദ്ദീനും സൈദ് ഹുസൈനും ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. യുക്രെയ്ന് യുദ്ധമുഖത്ത് പുറത്തിറങ്ങിയ കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തില്‍ ആശങ്ക വര്‍ധിച്ചിട്ടുമുണ്ട്. പ്രശ്നത്തില്‍ അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തി സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, യുക്രെയിനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ബോധ്യപ്പെടുത്തുന്നതിനും പരിഹാരം ആരായുന്നതിനുമായി, പ്രവാസി ഇന്ത്യ പ്രതിനിധികള്‍ ബുധനാഴ്ച കുട്ടികളുടെ രക്ഷകര്‍ത്താക്കളെയും കൂട്ടി ഇന്ത്യന്‍ എംബസി അധികൃതരെ സമീപിക്കും. പ്രവാസി ഇന്ത്യ യു.എ.ഇ കേന്ദ്ര പ്രസിഡന്റ് അബ്ദുല്ല സവാദ്, പ്രവാസി ഇന്ത്യ കേന്ദ്ര സെക്രട്ടറി ഹാഫിസുല്‍ ഹഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ എംബസി അധികൃതരെ കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.