വൈകിയ പ്രവാസി പെന്ഷന് വിതരണം തുടങ്ങിയതായി പ്രവാസി ക്ഷേമ ബോര്‍ഡ്
text_fieldsറാസല്‍ഖൈമ: ഡിസംബറിലെ പ്രവാസി പെന്ഷന് നല്കി തുടങ്ങിയതായി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിയാണ് പ്രവാസി പെന്ഷന് നല്‍കുന്നത്. ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് അപ്ഡേഷനുമായി ബന്ധപ്പെട്ടാണ് ഈ മാസം പെന്ഷന് നല്‍കുന്നത് വൈകുന്നതിനിടയാക്കിയതെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് സി.ഇ.ഒ രാധാകൃഷ്ണന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രവാസി പെന്ഷന് കേരള സര്‍ക്കാര്‍ മുടക്കിയെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം ശരിയല്ല. ഈ മാസം 20ന് മുമ്പ് അര്‍ഹരായവര്‍ക്കെല്ലാം പെന്ഷന് ലഭിക്കും. വരുംമാസങ്ങളില്‍ കൃത്യമായ തീയതികളില്‍ പെന്ഷന് നല്കാന് കഴിയുമെന്നും രാധാകൃഷ്ണന് വ്യക്തമാക്കി.
ഡിസംബറിലെ പെന്ഷന് ദിവസങ്ങള്‍ മാത്രം വൈകിയതിന്റെ പേരില്‍ പ്രവാസി ക്ഷേമ പെന്ഷന് മുടങ്ങിയെന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍.വി. ബാദുഷ കടലുണ്ടി അഭിപ്രായപ്പെട്ടു. പെന്ഷന് അര്‍ഹരായ അംഗങ്ങള്‍ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ 20ന് മുമ്പ് പെന്ഷന് വിതരണം നടക്കുമെന്ന് അറിയിച്ചതാണ്. തുടര്‍ന്നും സംസ്ഥാന സര്‍ക്കാറിനെ കൂടി ചേര്‍ത്ത് പ്രവാസി ക്ഷേമ ബോര്‍ഡിനെതിരെ ആക്ഷേപം ഉയര്‍ത്തുന്നത് ദുരുദ്ദേശ്യപരമാണ്. അച്യുതാനന്ദന് സര്‍ക്കാര്‍ 500 രൂപ നിശ്ചയിച്ചാണ് പ്രവാസി പെന്ഷന് പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് വന്ന വലതു സര്‍ക്കാറിന് പെന്ഷന് തുകയില്‍ ഒരു രൂപപോലും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. ആദ്യ പിണറായി സര്‍ക്കാര്‍ ഇത് 2000 ആക്കുകയും തുടര്‍ ഭരണത്തില്‍ 3000-3500 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.
32,000ത്തോളം പേരാണ് നിലവിലെ പെന്ഷന് ഗുണഭോക്താക്കള്‍. 7,95,000 പേര് ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ട്. ഒരു ഏജന്റുമില്ലാതെ പ്രവാസികള്‍ക്ക് നേരിട്ട് ക്ഷേമ പദ്ധതിയില്‍ അംഗമാകാന്‍ കഴിയുന്ന രീതിയിലാണ് ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം. ഇത്തരമൊരു പദ്ധതി ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ല. നൂതന സോഫ്റ്റ്വെയറാണ് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ അപ്ഡേഷന് പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് ഈ മാസം പെന്ഷന് വൈകിയത്. മറ്റു പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബാദുഷ തുടര്‍ന്നു. ക്ഷേമനിധിയില്‍ അംഗങ്ങളായി അംശാദായം അടച്ച വിദേശത്തുള്ള കേരളീയ പ്രവാസികള്‍ക്ക് പ്രതിമാസം 3,500 രൂപയും മുന്‍ പ്രവാസികള്‍ക്കും ഇതര സംസ്ഥാനത്ത് കഴിയുന്ന മലയാളി പ്രവാസികള്‍ക്കും 3,000 രൂപയുമാണ് നിലവില്‍ പെന്ഷന് നല്‍കുന്നത്.
നേരത്തേ അംഗത്വമെടുത്ത് തുടര്‍ച്ചയായി അംശാദായം അടച്ചവര്‍ക്ക് 7,000 രൂപ വരെ പെന്ഷന് നല്‍കുന്നുണ്ട്. പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പു നല്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയും പ്രവാസി ക്ഷേമ ബോര്‍ഡിന് കീഴിലുണ്ട്. പ്രവാസി ക്ഷേമ ബോര്‍ഡിന്റെ വെബ്സൈറ്റായ www.pravasikerala.orgല്‍ പ്രവാസികള്‍ക്കായുള്ള സേവനങ്ങളെക്കുറിച്ച് വിശദ വിവരങ്ങള്‍ ലഭ്യമാണ്. 18നും 60നും ഇടയില്‍ പ്രായമുള്ള വിദേശത്ത് ജോലിചെയ്യുന്ന കേരളീയര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്ത് കേരളത്തില്‍ സ്ഥിര താമസമാക്കിയവര്‍ക്കും മറ്റേതെങ്കിലും സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിച്ച് വരുന്നവര്‍ക്കും അംഗത്വമെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.