സാധാരണ പ്രവാസിക്ക് കഞ്ഞി കുമ്പിളില്‍ തന്നെ
text_fieldsഅജ്മാന്: നാട്ടിൽ വന്ന് സംരംഭത്തിന് തുടക്കമിട്ടാൽ മതി, എല്ലാം ശരിയാവും എന്ന് ഗൾഫ് രാജ്യങ്ങളിൽ വന്ന് പ്രസംഗിച്ച് ഉറപ്പു നൽകി പോകാറുണ്ട് രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം. എന്നാൽ ഇതും വിശ്വസിച്ച് പതീറ്റാണ്ടുകള്‍ മരുഭൂമിയില്‍ പണിയെടുത്ത അനുഭവ സമ്പത്തും നിക്ഷേപവുമായി നാട്ടിലെത്തുന്ന സാധാരണക്കാരായ പ്രവാസിക്ക് കഞ്ഞി ഇപ്പോഴും കുമ്പിളില്‍ തന്നെ.
നാടും നാട്ടുകാരെയും വിട്ട് ചൂടും തണുപ്പും കൊണ്ട് ഊണും ഉറക്കവും ഒഴിച്ച് ജീവിത സായാഹ്നം ജന്മ നാട്ടില്‍ ചിലവഴിക്കാം എന്ന മോഹവുമായാണ് ഉള്ള സമ്പാദ്യവും അനുഭവ സമ്പത്തുമായി നാട്ടിലേക് തിരിക്കുന്നത്. ഗള്‍ഫ് ജീവിതത്തിലെ കൃത്യതയും കാര്യക്ഷമതയും മനസില്‍ വെച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ മനസിലാകും കാര്യങ്ങള്‍. പ്രവാസിയായിരുന്നു എന്നറിഞ്ഞാല്‍ കൈമടക്ക് എങ്ങിനെ കയ്യിലാക്കാം എന്ന ചിന്തയാവും ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും. നടപടിക്രമം എന്ന പേരിൽ നിസ്സാര കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ മാറി കയറ്റിയിറക്കും. ഒാഫീസുളകിൽ ചെല്ലുേമ്പാൾ അപൂർണവും അവ്യക്തവുമായ മറുപടികൾ നൽകും. ഇതോടെ സ്വപ്ന പദ്ധതി എങ്ങിനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നവർ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉദ്ദേശിക്കുന്ന മട്ടിൽ പണം നൽകാൻ സന്നദ്ധരാവും. അല്ലാത്തവന് ഉള്ള നിക്ഷേപം മുഴുവന്‍ കല്ലും മണ്ണുമാക്കി മനം മടുത്ത് പ്രവാസത്തിലേക്ക് വീണ്ടും കാലു നീട്ടും.
40 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ചങ്ങരംകുളം സ്വദേശി അഹമദ് ഉണ്ണി തനിക്ക് പരിചയമുള്ള കൈ തൊഴിലായ സോപ്പ്, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ് എന്നിവയുടെ നിർമാണ സംരംഭം തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്.ബ്ലോക്ക് പഞ്ചായത്തും പൊതുമേഖലാ ബാങ്കും ചേർന്ന് നടത്തിയ സംരംഭകത്വ ശില്‍പ്പശാലയില്‍ ക്ലാസെടുക്കാന്‍ വന്നയാള്‍ വിശദീകരിച്ചത് ഏലക്ക, അണ്ടിപ്പരിപ്പ് എന്നിവ ചെറിയ പാക്കറ്റാക്കി കാര്‍ഡ് ബോര്‍ഡില്‍ സ്റ്റാപ്ലര്‍ അടിച്ച് വില്‍ക്കുന്ന സംരംഭത്തെ കുറിച്ചും.സ്വന്തം ആവശ്യം ഉന്നയിച്ചപ്പോള്‍ ലൈസന്‍സ് എടുക്കാന്‍ നൂറു നൂലാമാലകള്‍. ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോള്‍ ഡാറ്റ ബാങ്കില്‍ സ്ഥലം നിലം എന്ന് രേഖപ്പെടുത്തിയതിനാല്‍ ഷെഡ് കെട്ടാന്‍ അനുമതി നൽകില്ലെന്ന് അറിയിച്ചു.
പതിറ്റാണ്ട് മുന്‍പേ തൂര്‍ത്ത സ്ഥലമായതിനാല്‍ കൃഷി ഭവനില്‍ അപേക്ഷ നല്കാന് പറഞ്ഞു. മുന്‍പേ തൂര്‍ത്ത സ്ഥലമാണെന്ന് കാണിച്ച് രേഖകളുമായി കൃഷിഭവനില്‍ അപേക്ഷിച്ചപ്പോള്‍ വില്ലേജ് ഓഫീസറും കൃഷിഭവന് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധിക്കാന്‍ വരുമെന്ന് അറിയിച്ചു. സാറ്റലൈറ്റ് വഴിയുള്ള അളവ് നടത്താന്‍ വരുന്നുണ്ടെന്ന് പറഞ്ഞു കുറേ കാത്തിരിപ്പിച്ചു.
ഒരു ദിവസം വരുന്നുമെന്ന് പറഞ്ഞപ്പോള്‍ കാത്തിരിപ്പായി. എന്നാല്‍ മറ്റൊരു സ്ഥലത്തേക്ക് സാറ്റലൈറ്റ് തിരിച്ച് വിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പോയി. പ്രശ്ന പരിഹാരത്തിനായി ഒരുപാട് നടന്നു ചെരുപ്പ് തേഞ്ഞു. കഴിഞ്ഞ ഒരാഴ്ച മുമ്പ് കൃഷി ഭവന് സന്ദര്‍ശിച്ച് കേണപേക്ഷിച്ചപ്പോള്‍ വില്ലേജുകാരുടെ ഉത്തരവാദിത്വമാണ് ഞങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞു മടക്കി. നികത്തിയ സ്ഥലത്തിന്റെ നടപ്പ് വിലയുടെ ഇരുപത്തി അഞ്ച് ശതമാനം നല്കിയാല് അനുമതി നല്കാന് പുതിയ നിയമം വന്നിട്ടുണ്ടെന്ന അറിവ് പറഞ്ഞപ്പോള്‍ കൃഷിഭവന് ഉദ്യോഗസ്ഥന് അത്ര പിടിച്ചില്ല. എങ്കില്‍ വില്ലേജ് ഓഫീസില്‍ പോയി പറയാന്‍ നിര്‍ദേശിച്ച് കയ്യൊഴിഞ്ഞു. വില്ലേജ് ഓഫീസില്‍ ചെന്നപ്പോള്‍ തിരൂര്‍ ആര്.ഡി.ഒ ഒാഫീസിൽ പോകാന്‍ നിര്‍ദേശം. അങ്ങിനെ ഓരോന്ന് പറഞ്ഞുള്ള നടത്തം തുടരുകയാണ്. തെൻറ സംരംഭത്വ സ്വപ്നങ്ങള്‍ ദിവസം കഴിയും തോറും വെള്ളത്തിൽ വീണ സോപ്പ് പോലെ അലിഞ്ഞില്ലാതാവുകയാണെന്ന് അഹമദ് ഉണ്ണി സങ്കടപ്പെടുന്നു.
അതേ സമയം ചങ്ങരംകുളത്ത് നിന്ന് വളയംകുളം വരെയുള്ള റോഡിനോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ മൊത്തം നെല്‍ പാടങ്ങളായിരുന്നു. ഇവിടങ്ങളിലെല്ലാം ബഹുനില കെട്ടിടങ്ങള്‍ എമ്പാടും ഉയര്‍ന്നു കഴിഞ്ഞു. അതിനൊന്നും ഉദ്യോഗസ്ഥര്‍ക്ക് നിയമതടസ്സങ്ങള്‍ ഉണ്ടായില്ല എന്നതും കൂട്ടിവായിക്കണം.
കുന്നംകുളം സ്വദേശിയായ ഒരു മുന്‍ പ്രവാസിയുടെ കാര്യം ഇതിലേറെ കഷ്ടമാണ്. 40 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ജോലി നഷ്ടപ്പെട്ടപ്പോള്‍ നാട്ടിലെ സ്വന്തം സ്ഥലത്ത് രണ്ടു മുറി പീടിക പണിയാന്‍ ചെന്നപ്പോള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മൂത്രപ്പുര വേണമെന്ന ഉദ്യോഗസ്ഥരുടെ നിർദേശം സമ്മതിച്ചു. അതു കഴിഞ്ഞപ്പോൾ അംഗ വൈകല്യമുള്ളവർക്ക് സൗകര്യമുള്ള മൂത്രപ്പുരയും അവര്‍ക്ക് കയറാനും ഇറങ്ങാനും ഗോവണിയും വേണമെന്നായി നിർദേശം.
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് സൗകര്യമൊരുക്കുന്നത് അനിവാര്യം തന്നെയാണ്. വീൽ ചെയറിൽ എത്തുന്നവർക്ക് സുഗമമായി സേവനങ്ങൾ ലഭ്യമാക്കാൻ ഉതകും വിധം സർക്കാർ ഒാഫീസുകളും ഷോപ്പിങ് സെൻററുകളും ആരാധനാലയങ്ങളും മാറുകയും മാറ്റിപ്പണിയുകയും തന്നെ വേണം. പക്ഷെ ഒരു മുൻ പ്രവാസി തെൻറ ഗ്രാമപ്രദേശത്ത് രണ്ട് മുറി പീടിക പണിയുമ്പോള്‍ മാത്രം സാറൻമാർക്ക് നിയമങ്ങളും വികലാംഗ ക്ഷേമവും ഒാർമ വരുന്നത് വിചിത്രം തന്നെയാണ്. അടുത്തുള്ള നഗരങ്ങളിലെ വൻകിട മാളുകളിൽ ഇത്തരം സൗകര്യമൊരുക്കാൻ ഇവരാരും നിഷ്കർഷിക്കാറോ നിർബന്ധിക്കാറോ ഇല്ല. കാര്യം വ്യക്തമാണ്. വികലാംഗ ക്ഷേമമല്ല, അവനവൻ ക്ഷേമം തന്നെയാണ് ഇവരുടെയെല്ലാം മനസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.