പ്രവാസികളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകും –പിണറായി
text_fieldsദുബൈ: പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന ഏതൊരു വിഷയത്തിലും സർക്കാറിെൻറ സഹായമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ ഉറപ്പ്. തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പരമാവധി പാലിച്ചിട്ടുണ്ടെന്നും പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്തി കേരളത്തിെൻറ വികസനവും കേരള സർക്കാറിെൻറ കരുതലിൽ പ്രവാസികളുടെ പുനരധിവാസവും നിശ്ചയമായും സാധ്യമാകുമെന്നും ദുബൈയിൽ മലയാളി സമൂഹവുമായി സംവദിക്കവെ അദ്ദേഹം വ്യക്തമാക്കി. കേരള ബാങ്ക് രൂപവത്കരണത്തിന് സർക്കാർ എല്ലാം ചെയ്തെന്നും ഇനി ആർ.ബി.ഐയുടെ അനുമതി കൂടി മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്സവ സീസണുകളിൽ കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിങ് പുരി ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു.
ഗൾഫിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പുവേളയിൽ നൽകിയ വാഗ്ദാനങ്ങൾ ചർച്ച ചെയ്ത് വ്യവസ്ഥാപിതമായി നടപ്പാക്കുന്നതിന് ലോക കേരള സഭ രൂപവത്കരണം സഹായകരമായി. സഭാ ഉപസമിതികൾ മുന്നോട്ടു വെച്ച നിർദേശങ്ങൾ ഒന്നൊന്നായി പ്രയോഗവത്കരിക്കപ്പെടുകയാണ്. സാന്ത്വന പദ്ധതിക്ക് ഈ വർഷം 25 കോടി വകയിരുത്തി. 1218 പേർക്കായി 10 കോടി വിതരണം ചെയ്തു. പ്രവാസി പെൻഷൻ തുക 500 രൂപയിൽനിന്ന് 2000 രൂപയാക്കി.
പ്രവാസികൾക്കും മുൻ പ്രവാസികൾക്കും മാത്രമല്ല, പ്രവാസത്തിന് തയാറെടുക്കുന്നവർക്കും നോർക്കയുടെ സേവനങ്ങൾ ലഭിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് നടത്തുന്ന വിദേശ റിക്രൂട്ട്മെൻറ് മുഖേനെ നഴ്സുമാരുൾപ്പെടെ അനവധി ഉദ്യോഗാർഥികൾക്ക് ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് വിടുതൽ ലഭിച്ചു. ഉദ്യോഗാർഥികൾക്ക് നോർക്ക തൊഴിൽ പരിശീലനം നൽകും. തൊഴിൽ വൈദഗ്ധ്യ സാക്ഷ്യപത്രവും വൈകാതെ നൽകിത്തുടങ്ങും.
വിദേശത്തായിരിക്കുമ്പോൾ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രവാസി ലോകത്തെ നിയമപ്രശ്നങ്ങൾ നേരിടാൻ മലയാളി അഭിഭാഷകരുടെ സഹായം ലഭ്യമാക്കുന്നുണ്ട്. വിസാ പ്രശ്നങ്ങൾ, ജയിൽ തുടങ്ങി നിസ്സഹായാവസ്ഥയിൽ പതറിപ്പോകാതിരിക്കാൻ സഹായം ഉറപ്പാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻററിൽ ആയിരക്കണക്കിനാളുകൾ ബന്ധപ്പെടുന്നുണ്ടെന്നും സർക്കാറുമായി ബന്ധപ്പെടാൻ ആരും അറച്ചു നിൽക്കേണ്ടതില്ലെന്നും അദ്ദേഹം ഒാർമിപ്പിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ആശയവിനിമയ പരിപാടിയിൽ ജോൺ ബ്രിട്ടാസ് ആയിരുന്നു അവതാരകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.