ഭവന നിർമാണത്തിന് സബ്‌സിഡി നൽകുമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ്
text_fieldsഷാർജ: പ്രവാസി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഭവന നിർമാണത്തിന് പത്തു ശതമാനം സബ്‌സിഡി നൽകുമെന്ന് സി.ഇ.ഒ എം. രാധാകൃഷ്ണൻ. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ മാസന്തോറും പെൻഷൻ ക്ഷേമനിധി ബോർഡ് നൽകുന്നുണ്ട്.
ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശാദായം പൂർണമായി അടച്ച് 60 വയസ്സ് പൂർത്തിയാക്കിയവർക്കാണ് പെൻഷൻ നൽകുന്നത്. കുറഞ്ഞത് അഞ്ചു വർഷം മാസന്തോറും 300 രൂപ അടക്കുന്നവർക്ക് 3500 രൂപയാണ് പെൻഷൻ നൽകുന്നത്. അഞ്ച് വർഷത്തിൽ കൂടുതൽ അംശാദായം അടക്കുന്നവർക്ക് പെൻഷൻ തുകയിൽ ആനുപാതികമായ വർധനയുണ്ടാകും.
18 പൂർത്തിയായ പ്രവാസികളായ കേരളീയർക്ക് പെൻഷൻ പദ്ധതിയിൽ അംഗത്വമെടുക്കാം. പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം, ചികിത്സക്ക് 50,000 രൂപ വരെ സഹായം, വിദ്യാഭ്യാസം, പ്രസവ ധനസഹായം തുടങ്ങിയവയും പെൻഷൻ പദ്ധതിയിൽ ചേരുന്നവർക്ക് ലഭ്യമാണ്. സ്വന്തമായി ഭൂമിയുള്ളവരും ഇതു വരെയും വീട് വെക്കാത്തവരുമായ അംഗങ്ങൾക്കാണ് സബ്‌സിഡി നൽകുക.
20 ലക്ഷം വരെയുള്ള വായ്പ്പകൾ ബാങ്ക് അനുവദിക്കുന്ന ഘട്ടത്തിൽ തന്നെ 10 ശതമാനം തുക ക്ഷേമനിധി ബോർഡ് ങ്ങൾക്ക് അനുവദിക്കുന്നതാണ് ഭവന സബ്‌സിഡി പദ്ധതിയെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
നോർക്ക കാർഡും പ്രവാസി ക്ഷേമ നിധി കാർഡും ഒന്നല്ലെന്നും വെവ്വേറേ പദ്ധതികളായി പ്രവാസികൾ മനസിലാക്കണമെന്ന് ചടങ്ങിൽ സംസാരിച്ച നോർക്ക യൂ.എ.ഇ ഡയറക്ടർ ആർ.പി മുരളി അഭിപ്രായപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് വൈ.എ റഹീം അധ്യക്ഷത വഹിച്ചു. പുന്നക്കൻ മുഹമ്മദലി, എ.കെ സേതുനാഥ് തുടങ്ങി വിവിധ സംഘടന പ്രതിനിധികൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.