എക്സ്പോ 2020 ഒരുക്കം വീണ്ടും സജീവമാകുന്നു
text_fieldsദുബൈ: അറബ് ലോകത്തിെൻറ ആഘോഷമാകാൻ ഒരുങ്ങുന്ന എക്സ്പോ 2020യുടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നു. കോവിഡിനെ തുടർന്ന് മാറ്റിവെച്ചെങ്കിലും അടുത്തവർഷം അതിഗംഭീരമായി നടത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിെൻറ ഭാഗമായി തിങ്കളാഴ്ച ആരംഭിച്ച ഇൻറർനാഷനൽ പാർട്ടിസിപ്പൻറ് യോഗം വ്യാഴാഴ്ച വരെ തുടരും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, വാണിജ്യ പങ്കാളികൾ, സംഘാടകർ, എക്സ്പോ ഉന്നത സമിതി അംഗങ്ങൾ, അവരുടെ പ്രതിനിധികൾ തുടങ്ങിയവർ വിർച്വൽ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 2021 ഒക്ടോബർ ഒന്നിനാണ് എക്സ്പോ തുടങ്ങുന്നത്.
ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം കോവിഡ് ഭീഷണിയുടെ കാലത്ത് എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. യു.എ.ഇയിൽ കോവിഡ് കുറഞ്ഞെങ്കിലും കോവിഡിനെ അതിജീവിക്കാത്ത മറ്റു രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. 190 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ എക്സ്പോയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോ സൈറ്റ് നിർമാണം, പ്രോഗ്രാം കലണ്ടർ, മാർക്കറ്റിങ്, മീഡിയ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വിദേശകാര്യ മന്ത്രിയും കാബിനറ്റ് അംഗവുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, എക്സ്പോ ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം, യു.എ.ഇ സഹിഷ്ണുത മന്ത്രിയും കാബിനറ്റ് അംഗവുമായ ശൈഖ് നഹ്യാൻ മബാറഖ് ആൽ നഹ്യാൻ, ബ്യൂറോ ഓഫ് ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ) സെക്രട്ടറി ജനറൽ ദിമിത്രി കെർക്കെൻറസ് തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. വിവിധ രാജ്യങ്ങളുടെ പവലിയൻ അതിവേഗത്തിലാണ് പൂർത്തിയാകുന്നത്.
എയർലൈൻ, ഹോട്ടൽ മേഖലകൾ സജീവമായ ദുബൈയിൽ വിനോദ സഞ്ചാരമേഖലയും വൈകാതെ പഴയ നില കൈവരിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ലോകം മുഴുവൻ ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്ന സന്ദേശം നൽകുന്നുണ്ട് എക്സ്പോയെന്ന് ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. മികച്ച ഭാവി പടുത്തുയർത്താനും ഐക്യ ലോകം കെട്ടിപ്പടുക്കാനുമുള്ള ദുബൈയുടെയും യു.എ.ഇയുടെയും പ്രതിബദ്ധതയുടെ ഭാഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിലെയും ആഫ്രിക്ക- ദക്ഷിണേഷ്യ മേഖലയിലെയും ആദ്യത്തെ എക്സ്പോ ഈ വർഷം ഒക്ടോബറിൽ നടക്കേണ്ടിയിരുന്നതാണ്. ഇതിനായുള്ള ഒരുക്കങ്ങൾ ഏറക്കുറെ പൂർത്തിയായപ്പോഴാണ് മഹാമാരി എത്തിയത്. ഒടുവിൽ 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ നടത്താൻ തീരുമാനിക്കുകയായിരുന്നു. അടുത്തവർഷം യു.എ.ഇയുടെ സുവർണ ജൂബിലി വർഷമായതിനാൽ എക്സ്പോയെ ഇരട്ടി മാറ്റോടെ അവതരിപ്പിക്കാനാണ് രാജ്യത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.