കാലാവസ്ഥ ഉച്ചകോടിക്ക് ഒരുക്കം തുടങ്ങി; യു.എ.ഇയിലേക്ക് ലോകരാജ്യങ്ങളെ ക്ഷണിച്ച് നേതാക്കൾ
text_fieldsദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടി(കോപ് 28)യിലേക്ക് ലോക രാജ്യങ്ങളെ സ്വാഗതം ചെയ്ത് ഒരുക്കങ്ങൾ ആരംഭിച്ച് യു.എ.ഇ. ഇതിന്‍റെ ഭാഗമായാണ് 2023 സുസ്ഥിരതാ വര്‍ഷമായി യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചത്. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ കോപ് 28 ഡയറക്ടർ ജനറൽ മാജിദ് അൽ സുവൈദി എല്ലാവരെയും ഉച്ചകോടിയിലേക് സ്വാഗതം ചെയ്യുന്നതായി പ്രസ്താവിക്കുകയും പരിപാടി ഏറ്റവും ശരിയായ പരിഹാരങ്ങളും യഥാർഥ നടപടികളും സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ലോക നേതാക്കളെല്ലാം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന കോപ്28, നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈ എക്സ്പോ സിറ്റിയിലാണ് ഒരുക്കുന്നത്. യു.എ.ഇയിൽ നടക്കുന്ന ഉച്ചകോടി സദ്ഫലങ്ങൾ സൃഷ്ടിക്കുമെന്നും ലോകത്തെ പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുമെന്നും അൽ സുവൈദി ദാവോസിൽ പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തിരുന്നു. ഗവൺമെന്‍റുകൾ, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റി, നോൺ-സ്റ്റേറ്റ് പ്രവർത്തകർ എന്നിവരെ ഒരുമിപ്പിക്കുന്ന ഉച്ചകോടി എല്ലാ തരത്തിലും മികച്ച ഫലം ചെയ്യും. വലിയ പദ്ധതികളിൽ എപ്പോഴും സർക്കാരിനെയും സ്വകാര്യ മേഖലയെയും ഒരുമിപ്പിച്ച രാജ്യമെന്ന നിലയിൽ ഇക്കാര്യത്തിൽ യു.എ.ഇക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കോപ് 28’ന് യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സുസ്ഥിരതാ വർഷാചരണത്തിലൂടെ ഊര്‍ജ, കാലാവസ്ഥാ വ്യതിയാന വെല്ലുവിളികള്‍ക്കും സുസ്ഥിരതയുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ക്കും നവീന പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ രൂപവത്കരണം മുതല്‍ രാജ്യത്തിന്‍റെ അടിസ്ഥാന തത്വമാണ് സുസ്ഥിരതയെന്ന് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും ഉറവിട മാനേജ്‌മെന്‍റിനും മികച്ച മാതൃകയായി മാറുന്നത് രാജ്യം തുടരുമെന്നും അദ്ദേഹം വയക്തമാക്കിയിട്ടുണ്ട്. ഉച്ചകോടിയുടെ ലോഗോ പ്രകാശനം വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി സസ്റ്റയ്നബ്ലിറ്റി വാരത്തോടനുബന്ധിച്ച ചടങ്ങിൽ നിർവഹിച്ചിരുന്നു.
‘ഒരു ലോകം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ലോഗോ വികസിപ്പിച്ചത്. ഗോളാകൃതിയിൽ പച്ച നിറത്തിലുള്ള ലോഗോയിൽ മനുഷ്യർ, പുനരുപയോഗ-ഊർജ്ജ സാങ്കേതികവിദ്യകൾ, വന്യജീവികൾ, പ്രകൃതി എന്നിവയെ പ്രതിനിധീകരിക്കുന്ന വിവിധ ഐക്കണുകൾ നൽകിയിട്ടുണ്ട്. മനുഷ്യരാശിക്ക് ലഭ്യമായ പ്രകൃതിദത്തവും സാങ്കേതികവുമായ വിഭവങ്ങളെയാണ് ചിത്രങ്ങൾ പ്രതിനിധീകരിക്കുന്നത്. ലോകമെമ്പാടും സമഗ്ര സുസ്ഥിര വികസനം രൂപപ്പെടുത്തുന്നതിന് എല്ലാ മേഖലകളിലും നവീകരണം ആവശ്യമാണെന്ന കാഴ്ചപ്പാടാണ് ഇതിലൂടെ പങ്കുവെക്കപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനത്തിൽ മുന്നേറുന്ന യു.എ.ഇ 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാനുള്ള പദ്ധതി രൂപരേഖ പുറത്തിറക്കിയിട്ടുണ്ട്. ‘നെറ്റ് സീറോ’ പദ്ധതിയുടെ സമയപരിധിയും നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളും വ്യക്തമാക്കുന്ന ‘നാഷണൽ നെറ്റ് സീറോ 2050 പാത്ത്വേ’ ഈജിപ്തിലെ ശറമുശൈഖിൽ നടന്ന ‘കോപ്-27’ വേദിയിലാണ് പുറത്തിറക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.