യുവാക്കൾക്ക് മയക്കുമരുന്ന് നിർദേശിച്ചു; സൈക്യാട്രിസ്റ്റ് അറസ്റ്റിൽ
text_fieldsഷാർജ: യുവാക്കൾക്ക് മയക്കുമരുന്നുകൾ നിർദേശിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ഷാർജയിലെ സൈക്യാട്രിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം ഇയാളുടെ ലൈസൻസ് റദ്ദാക്കുകയും മെഡിക്കൽ പ്രഫഷനലുകളുടെ ധാർമികതയെയും നിയമങ്ങളെയും ലംഘിച്ചതിന് രാജ്യത്തെ മെഡിക്കൽ രജിസ്ട്രിയിൽനിന്ന് യോഗ്യതപത്രങ്ങൾ നീക്കുകയും ചെയ്തു.20 മുതൽ 30 വയസ്സ് വരെയുള്ള നിരവധി ചെറുപ്പക്കാർ ഷാർജയിലെ സൈക്യാട്രിക് ക്ലിനിക് പതിവായി സന്ദർശിക്കാറുണ്ടെന്ന് ഷാർജ പൊലീസിലെ മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് റിപ്പോർട്ട് ചെയ്തു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിൽനിന്നും ഷാർജ പൊലീസിൽനിന്നും ഒരു സംഘം രൂപവത്കരിച്ചു.
ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥർ ഒരാളെ ക്ലിനിക്കിലേക്ക് അയച്ചു. സൈക്കോട്രോപിക് മരുന്നുകൾ നിർദേശിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർ അഭ്യർഥന സ്വീകരിക്കുകയും മരുന്നുകൾ നിർദേശിക്കുകയും ചെയ്തു.രോഗിക്ക് അത്തരം മരുന്നുകൾ ആവശ്യമുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്താൻ ഡോക്ടർ രോഗനിർണയം നടത്തിയിട്ടില്ല എന്നതിെൻറ നിർണായക തെളിവാണ് ഇതെന്ന് അന്വേഷണസംഘം പറഞ്ഞു. സ്വകാര്യ ആരോഗ്യ സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പൊതു മെഡിക്കൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സംസ്ഥാനവുമായി ബന്ധപ്പെട്ട ആരോഗ്യ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനുമായി മന്ത്രാലയം പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മരുന്നുകൾ അശ്രദ്ധമായും മെഡിക്കൽ കാരണങ്ങളില്ലാതെയും നിർദേശിക്കുന്നത് നിയമങ്ങൾക്ക് എതിരാണെന്നും ഇത് യുവാക്കളെ മയക്കുമരുന്ന് ആസക്തിയിലേക്ക് നയിക്കുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ
80011111 എന്ന നമ്പറിലോ tawasol@moh.gov.ae എന്ന ഇ–മെയിൽ വഴിയോ മറ്റ് സർക്കാർ ആരോഗ്യ അധികാരികളുമായോ പൊലീസ് സ്റ്റേഷനുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.