ദുരന്തബാധിതരെ സഹായിക്കാൻ നിർദേശിച്ച് പ്രസിഡന്റ്
text_fieldsദുബൈ: മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും നിർദേശം നൽകി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. രാജ്യത്ത് ഏഴര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴക്ക് സാക്ഷ്യംവഹിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടികൾക്ക് പ്രസിഡന്റ് ആഹ്വാനം ചെയ്തത്.
തികച്ചും പ്രതികൂലമായ കാലാവസ്ഥയിലും ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിച്ച ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്ത് മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ പഠിക്കാനും പരിഹരിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ദുരിതം ബാധിച്ച എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ സഹായം എത്തിക്കണമെന്നും അവരെ പ്രാദേശിക അധികൃതരുമായി സഹകരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ പൗരന്മാരും താമസക്കാരും പ്രകടിപ്പിച്ച സ്നേഹവും ഐക്യവും അവബോധവും പരാമർശിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. പ്രതിസന്ധികളാണ് സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ശക്തി വെളിപ്പെടുത്തുന്നത്.
ദൈവം യു.എ.ഇയെയും സമൂഹത്തെയും രക്ഷിക്കട്ടെ. അതിന്റെ മഹത്വവും അഭിമാനവും സുരക്ഷയും നിലനിർത്തട്ടെ -അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാജ്യത്ത് പെയ്ത മഴ 75 വർഷത്തെ എല്ലാ റെക്കോഡുകളും തകർത്തതാണെന്ന് കഴിഞ്ഞദിവസം ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മഴ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ച 1949ന് ശേഷം ഇത്രയും വലിയ മഴ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽഐനിലെ ഖതം അൽ ശക്ല പ്രദേശത്താണ്. ഇവിടെ മഴ 254 മി.മീറ്ററാണ് ഒരു ദിവസത്തിനിടെ പെയ്തത്.
ഈവർഷം നേരത്തേയും ശക്തമായ മഴ പല സ്ഥലങ്ങളിലും ലഭിച്ചിട്ടുണ്ടെങ്കിലും രാജ്യത്തൊന്നടങ്കം ബാധിച്ചിരുന്നില്ല. പേമാരിക്കുശേഷം അതിവേഗത്തിലാണ് സർക്കാർ സംവിധാനങ്ങൾ എല്ലാ എമിറേറ്റിലും ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.