പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന് ഇന്ന് 73
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന് ചൊവ്വാഴ്ച 73 വയസ്സ്. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡൻറുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ മരണത്തെ തുടർന്നാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ യുനൈറ്റഡ് അറബ് എമിറേറ്റ്സിെൻറ രണ്ടാമത്തെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. 1971 ഡിസംബർ രണ്ടിന് രൂപവൽകൃതമായ രാജ്യത്തെ ഏഴ് എമിറേറ്റുകളിൽ ഏറ്റവും വലുതും തലസ്ഥാനവുമായ അബൂദബി എമിറേറ്റിെൻറ പതിനാറാമത്തെ ഭരണാധികാരികൂടിയാണ് ശൈഖ് ഖലീഫ ബിൻ സായിദ്. യുൈനറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിെൻറ ചെയർമാനുമാണ്. ശൈഖ് ഖലീഫ 2004 നവംബർ രണ്ടിനാണ് അബൂദബി ഭരണാധികാരിയായി സ്ഥാനമേറ്റത്. അടുത്ത ദിവസം യു.എ.ഇ പ്രസിഡൻറായും ചുമതലയേറ്റു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായിരുന്ന 1990 അവസാനം മുതൽ പിതാവ് ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പ്രസിഡൻറിെൻറ ചില ചുമതലകളും നിർവഹിച്ചിരുന്നു.
1948 സെപ്റ്റംബർ ഏഴിനാണ് അബൂദബി എമിറേറ്റിലെ കിഴക്കൻ പ്രവിശ്യയായ അൽഐനിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ മൂത്ത മകനായി ജനിച്ചത്. മുഹമ്മദ് ബിൻ ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ മകളായ ശൈഖ ഹസ്സയാണ് മാതാവ്. കിഴക്കൻ പ്രവിശ്യയുടെ തലസ്ഥാനവും ഭരണകേന്ദ്രവുമായ അൽഐൻ നഗരത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
പിതാവ് ശൈഖ് സായിദിെൻറ ഔദ്യോഗിക പ്രവർത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും ശൈഖ് ഖലീഫ അദ്ദേഹത്തെ അനുഗമിച്ചു. കിഴക്കൻ മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും റൂളേഴ്‌സ് കോർട്‌സ് ചെയർമാനുമായാണ് ശൈഖ് ഖലീഫയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
1969 ഫെബ്രുവരി ആദ്യത്തിൽ അബൂദബി കിരീടാവകാശിയും പ്രതിരോധ വകുപ്പിെൻറ തലവനുമായി ശൈഖ് ഖലീഫയെ നിയമിച്ചു. അബൂദബി എമിറേറ്റിൽ പ്രതിരോധ സേനയുടെ കമാൻഡറായതിനെ തുടർന്ന് വികസനത്തിൽ പ്രധാന പങ്കുവഹിച്ചു. ലളിതമായ നിലയിലായിരുന്ന അബൂദബി പ്രതിരോധസേനയെ സുശക്തവും ബഹുമുഖ പ്രവർത്തനങ്ങളിലേക്കും പ്രതിരോധ സജ്ജമാക്കിയത് ശൈഖ് ഖലീഫയുടെ ഇടപെടലായിരുന്നു.
1971 ജൂലൈ ആദ്യത്തിൽ അബൂദബി എമിറേറ്റിലെ പ്രാദേശിക മന്ത്രിസഭയുടെ പ്രഥമ പ്രധാനമന്ത്രിയായി. കൂടാതെ കൗൺസിലിൽ പ്രതിരോധം, ധനകാര്യം മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുകയും ചെയ്തു. പ്രാദേശിക ഉത്തരവാദിത്തങ്ങൾക്കപ്പുറം ശൈഖ് ഖലീഫ 1973 ഡിസംബറിൽ ഫെഡറൽ ഗവൺമെൻറിൽ ഉപപ്രധാനമന്ത്രിയായി. 1974 ഫെബ്രുവരിയിൽ പ്രാദേശിക മന്ത്രിസഭ നിർത്തലാക്കിയശേഷം അബൂദബി എമിറേറ്റിലെ പ്രാദേശിക മന്ത്രിസഭക്കു പകരം രൂപവത്കരിച്ച അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിലിെൻറ ആദ്യ തലവനായ ശൈഖ് ഖലീഫ എല്ലാ ഉത്തരവാദിത്തങ്ങളുടെയും ചുമതല നിർവഹിച്ചു. എക്‌സിക്യൂട്ടിവ് കൗൺസിലിെൻറ തലവൻ എന്ന ഉത്തരവാദിത്തങ്ങൾക്കുപുറമെ 1976ൽ അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി സ്ഥാപിക്കുന്നതിനും നേതൃത്വം നൽകുന്നതിനുമുള്ള ദൗത്യം ഏറ്റെടുത്തു.
യു.എ.ഇയുടെ പ്രസിഡൻറായ ശേഷം സർക്കാറിനായി തന്ത്രപരമായ പദ്ധതികൾ ആരംഭിച്ചു. ഫെഡറൽ നാഷനൽ കൗൺസിലിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പുരീതി നടപ്പാക്കി. ഒരു രാജ്യത്തിെൻറ പാർലമെൻറിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം എന്ന സവിശേഷത യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിലിൽ നടപ്പാക്കി.
വനിതകൾക്കും തുല്യ ജോലിക്ക് തുല്യവേതന നയവും നടപ്പാക്കി. ലോകത്തിലെ ഏറ്റവും ധനികരായ ഭരണാധികാരികളിൽ ഒരാളാണ് ശൈഖ് ഖലീഫ. അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ചെയർമാനെന്ന നിലയിൽ 575 ബില്യൺ ഡോളറിെൻറ ആസ്തി കൈകാര്യം ചെയ്യുന്നു. ലോകത്തിലെ ഒരു രാഷ്ട്രത്തലവൻ കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.