കാറിലെത്തിയ മോഷ്ടാക്കളെ തടഞ്ഞ് 'കുതിരപ്പൊലീസ്'
text_fieldsദുബൈ: മോഷണത്തിന് തയാറെടുക്കുകയായിരുന്ന സംഘത്തെ തടഞ്ഞ് ദുബൈ പൊലീസിലെ, കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ടീം. ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷനിലെ ക്യാപ്റ്റൻ യൂസഫ് മുഹമ്മദ് അൽ മുല്ലയും ഫസ്റ്റ് ലെഫ്. അഹ്മദ് റാശിദ് അൽ കഅബിയുമാണ് മോഷ്ടാക്കളെ പിടികൂടുന്നതിന് സഹായിച്ചത്.
റാഷിദിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തുമ്പോഴാണ് ഇവർ സംശയാസ്പദമായ നിലയിൽ കാർ കണ്ടത്. തുടർന്ന് ഫെഡറൽ ട്രാഫിക് സംവിധാനത്തിൽ വണ്ടിയുടെ നമ്പർ പരിശോധിച്ചപ്പോൾ വാഹനവും നമ്പറും യോജിക്കുന്നില്ലെന്ന് മനസ്സിലായി. തുടർന്ന് കൂടുതൽ പരിശോധനക്ക് കാർ തടയാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. എന്നാൽ, വാഹനം നിർത്താതെ ഇവർ കടന്നുകളയാൻ ശ്രമിച്ചു. ഉടൻ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുമായി ബന്ധപ്പെട്ട് കാർ തടയാൻ ഇരുവരും നടപടി സ്വീകരിക്കുകയായിരുന്നു. മൂന്ന് ഏഷ്യക്കാരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽനിന്ന് നാല് വാഹന നമ്പർ പ്ലേറ്റുകൾ, മോഷണ ഉപകരണങ്ങൾ, 29 കുപ്പി ലഹരി പാനീയങ്ങൾ എന്നിവ പിടിച്ചെടുത്തു.
ഇവർ മോഷണത്തിന് തയാറെടുക്കുകയായിരുന്നെന്ന് വ്യക്തമായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മോഷ്ടാക്കളെ പിടികൂടുന്നതിന് സഹായിച്ച ഇരു ഉദ്യോഗസ്ഥരെയും ദുബൈ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.