Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ മുട്ട, പാൽ...

യു.എ.ഇയിൽ മുട്ട, പാൽ തുടങ്ങി 10 ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടരുതെന്ന്​ മന്ത്രാലയം

text_fields
bookmark_border
യു.എ.ഇയിൽ മുട്ട, പാൽ തുടങ്ങി 10 ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടരുതെന്ന്​ മന്ത്രാലയം
cancel
Listen to this Article

ദുബൈ: മുട്ടയും പാലും അടക്കം 10 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിൽ നിന്ന്​ വ്യാപാരികളെ വിലക്കി സാമ്പത്തിക മന്ത്രാലയം. ഇവയുടെ വില വർധിപ്പിക്കുന്നതിന്​ മുമ്പ്​ സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.

പാചക എണ്ണ, മുട്ട, ഫ്രഷ്​ പാൽ, അരി, പഞ്ചസാര, കോഴിയിറച്ചി, ബ്രഡ്​, ധാന്യപ്പൊടികൾ​, ക്ലീനിങ്​ ഡിറ്റർജന്‍റ്​, പയർവർഗങ്ങൾ എന്നിവയുടെ വില അനുമതിയില്ലാതെ വർധിപ്പിക്കുന്നതിനാണ്​ വിലക്ക്​ ഏർപ്പെടുത്തിയത്​. ഓരോ ഉൽപന്നത്തിൽ നിന്നും വ്യാപാരികൾക്കും വിതരണക്കാർക്കും ലഭിക്കാവുന്ന പരമാവധി ലാഭം എത്രയാണെന്നും മന്ത്രാലയം കണക്കാക്കും. വ്യാപാരികൾക്കും വിതരണക്കാർക്കും വില വർധനക്കുള്ള അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേക സംവിധാനം മന്ത്രാലയം ഏർപ്പെടുത്തും.

വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഉൽപന്നങ്ങളുടെ നിലവിലെ വിലയും കഴിഞ്ഞ മൂന്ന്​ വർഷത്തെ അവയുടെ വിലയും വിശദീകരിക്കുന്ന റിപ്പോർട്ടും അപേക്ഷക്കൊപ്പം സമർപ്പിക്കണം. ഉൽപാദന ചെലവ്​, കമ്പനിയുടെ ബജറ്റ്​, അയൽ രാജ്യങ്ങളിൽ ഇതേ ഉൽപന്നങ്ങൾക്ക്​ ഈടാക്കുന്ന വിലയുമായുള്ള താരതമ്യം, എത്ര ശതമാനം വർധനയാണ്​ ഉദ്ദേശിക്കുന്നത്​ തുടങ്ങിയ വിവരങ്ങളും സമർപ്പിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മന്ത്രാലയം നിയോഗിക്കുന്ന കമ്മിറ്റിയാണ്​ വില വർധന സംബന്ധിച്ച തീരുമാനമെടുക്കുക.

അവശ്യ ഭക്ഷ്യവസ്തുക്കൾ കുടുംബങ്ങൾക്ക്​ താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുമെന്ന്​ ഉറപ്പാക്കാനാണ്​ സർക്കാർ വില വർധനവിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന്​ ഭക്ഷ്യ സുരക്ഷയുടെ ചുമതല കൂടിയുള്ള കാലാവസ്ഥ വ്യതിയാന-പരിസ്​ഥിതി മന്ത്രി മറിയം അൽ മുഹൈരി വ്യക്തമാക്കി.

ആയിരക്കണക്കിന്​ ഭക്ഷ്യവസ്തുക്കൾക്ക്​ സർക്കാർ വില നിയന്ത്രണം ഏർ​പ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. അവശ്യ ഭക്ഷ്യവസ്തുക്കളായ മുട്ട, ബ്രഡ്​, ധാന്യപ്പൊടികൾ, ഉപ്പ്​ തുടങ്ങിയവയുടെ വില വർധന പരിശോധിക്കാൻ ഏപ്രിലിൽ സാമ്പത്തിക മന്ത്രാലയം പുതിയ നയത്തിന്​ രൂപം നൽകിയിരുന്നു. ആളുകൾ എല്ലാ ദിവസവും ഉപയോഗിക്കുന്ന 300 അവശ്യ വസ്തുക്കളുടെ വിപണിയിലെ വില വ്യതിയാനം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്​തമാക്കുന്നു.

കടൽ വിഭവങ്ങൾ, ഇറച്ചി, കോഴിയിറച്ചി, ബ്രഡ്​, പാലുൽപ്പന്നങ്ങൾ, മുട്ട, എണ്ണ, പച്ചക്കറികൾ, പഴങ്ങൾ, വെള്ളം, ജ്യൂസ്​, ക്ലീനിങ്​ സാമ​ഗ്രികൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. അതേസമയം, ഒരേ ഉൽപന്നത്തിന്​ പല വിലകൾ ഈടാക്കുന്നുണ്ടെന്ന്​ ഉപഭോക്​താക്കൾ ചൂണ്ടിക്കാട്ടുന്നു. കോഴിയിറച്ചിക്ക്​ ഒരു കടയിൽ കിലോക്ക്​ 15 ദിർഹമാണെങ്കിൽ മറ്റൊരിടത്ത്​ 22 ദിർഹം ഈടാക്കുന്നുണ്ട്​. 30 മുട്ടകളുള്ള ഒരു ട്രേക്ക്​ 10 മുതൽ 18 ദിർഹം വരെ ഈടാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeUAE
News Summary - Prices of 10 basic shopping items need ministry's approval to change
Next Story