അംഗീകാരത്തിൽ അഭിമാനം -രാമകൃഷ്ണൻ ശിവസ്വാമി അയ്യർ
text_fieldsദുബൈ: സ്വന്തം രാജ്യം നൽകുന്ന വലിയ അംഗീകാരത്തിൽ അഭിമാനിക്കുന്നെന്ന് ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് രാമകൃഷ്ണൻ ശിവസ്വാമി അയ്യർ. ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഈ പ്രവാസ വ്യവസായി. യു.എ.ഇയിലെ ട്രാൻസ് വേൾഡ് ഗ്രൂപ് ചെയർമാനായ രാമകൃഷ്ണൻ കൊല്ലം സ്വദേശിയാണ്.
ബിസിനസ് മേഖലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനായത് യു.എ.ഇ സർക്കാറിന്റെയും അതോറിറ്റികളുടെയും അകമഴിഞ്ഞ സഹകരണംകൊണ്ടുകൂടിയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇവിടത്തെ ഭരണാധികാരികൾ മഹാമനസ്കരാണ്. വിഴിഞ്ഞം തുറമുഖം ഇന്ത്യക്ക് വ്യവസായ മേഖലയിൽ വലിയ കരുത്തായി മാറും.
നിലവിൽ തങ്ങളുടെ കപ്പലുകൾ വിഴിഞ്ഞത്തിനും ദുബൈയിലെ ജബൽ അലിക്കുമിടയിൽ ചരക്കുനീക്കം നടത്തുന്നുണ്ട്. വല്ലാർപ്പാടത്തിന് വളരെ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരം നൽകുന്ന വലിയ ഉത്തരവാദിത്വം ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രവിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട പട്ടികയിൽ യു.എ.ഇയിൽനിന്ന് ഇടംപിടിച്ച ഏക വ്യക്തിയാണിദ്ദേഹം.
സൗദിയിൽനിന്ന് കർണാടക സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ഡോ. സയ്യിദ് അൻവർ ഖുർഷിദും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നായി 27 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കാനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.