ഹജ്ജ്, ഉംറ അപേക്ഷ സ്വീകരിക്കാൻ മുൻകൂർ അനുമതി വേണം
text_fieldsദുബൈ: ഹജ്ജ്, ഉംറ തീർഥാടനത്തിനായി ഉപഭോക്താക്കളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിയന്ത്രിക്കുന്നതിന് യു.എ.ഇ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് പുതിയ നിയമം പ്രഖ്യാപിച്ചു.
അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ഹജ്ജ്, ഉംറ തീർഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ പാടില്ലെന്നാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തീർഥാടന സേവനങ്ങൾ ദുരുപയോഗം ചെയ്താൽ കനത്ത പിഴ ചുമത്തും. നിയമം ലംഘിക്കുന്ന വ്യക്തികൾ, സംഘടനകൾ, ഓഫിസുകൾ എന്നിവർക്ക് 50,000 ദിർഹം വരെയാണ് പിഴ ചുമത്തുകയെന്ന് അധികൃതർ അറിയിച്ചു. ഹജ്ജ്, ഉംറ യാത്രയുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരിക്കണം. ലൈസൻസില്ലാതെ തീർഥാടകരിൽ നിന്ന് സംഭാവനകൾ ശേഖരിക്കുന്നതും സ്വീകരിക്കുന്നതും നിയമവിരുദ്ധമാണ്. ലൈസൻസില്ലാതെ, കൃത്യമായ മാർഗ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്നും നിയമം മുന്നറിയിപ്പു നൽകുന്നു.
പുതിയ നിയമത്തെ രാജ്യത്തെ അംഗീകൃത ടൂർസ് ആൻഡ് ട്രാവൽസ് സ്ഥാപനങ്ങൾ സ്വാഗതം ചെയ്തു. അനധികൃതമായി പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ കുറഞ്ഞ ചെലവിൽ ഹജ്ജ്, ഉംറ തീർഥാടനം വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് നിയമം ഉപകരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ഏത് സ്ഥാപനങ്ങളിൽ നിന്നും ഹജ്ജ്, ഉംറ പാക്കേജ് തിരഞ്ഞെടുക്കുന്നതിനു മുമ്പ് ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും അവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.