ശൈഖ് മുഹമ്മദിെൻറ ഉത്തരവിൽ 587 തടവുകാർക്ക് മോചനം
text_fieldsദുബൈ: റമദാനോടനുബന്ധിച്ച് 587 തടവുകാർക്ക് മോചനം നൽകാൻ ദുബൈ സർക്കാർ തീരുമാനിച്ചു. യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഉത്തരവ് പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയാണുണ്ടായത്. ചെയ്തുപോയ തെറ്റുകൾക്ക് പശ്ചാത്തപിച്ച് കുടുംബത്തോടും സമൂഹത്തോടുമൊപ്പം പുതിയ ജീവിതം തുടങ്ങാനുള്ള അവസരമാണ് ശൈഖ് മുഹമ്മദ് തടവുകാർക്ക് നൽകിയിരിക്കുന്നതെന്ന് ദുബൈയുടെ അറ്റോർണി ജനറൽ ഇസാം ഇൗസ അൽ ഹുമെയ്ദാൻ പറഞ്ഞു. രാജ്യം പുലർത്തുന്ന സഹിഷ്ണുതയുടെ ഉദാഹരണമാണ് ഇൗ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാപ്പ് ലഭിച്ചവർ പഴയ ജീവിതത്തിലേക്ക് മടങ്ങരുതെന്നും അദ്ദേഹം ഒാർമിപ്പിച്ചു. തടവുകാരുടെ മോചനം റമദാന് മുമ്പ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ചിട്ടുണ്ടെന്നും അൽ ഹുമെയ്ദാൻ പറഞ്ഞു. റമദാന് മുമ്പ് 3005 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. ഇതിെൻറ തുടർച്ചയായാണ് ദുബൈ ജയിലുകളിൽ നിന്ന് 587 പേരെ മോചിപ്പിക്കുന്നത്. നേരത്തെ ഷാർജയിൽ നിന്ന് 377തടവുകാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും റാസൽ ഖൈമയിൽ നിന്ന് 306 തടവുകാരെ മോചിപ്പിക്കാൻ റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ ഉത്തരവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.