സ്വകാര്യമേഖല: സ്വദേശിവത്കരണം കൂട്ടും
text_fieldsദുബൈ: സ്വകാര്യമേഖലയിൽ സ്വദേശിവത്കരണ നിരക്ക് പ്രതിവർഷം രണ്ടു ശതമാനം വർധിപ്പിക്കാൻ യു.എ.ഇ മന്ത്രിസഭയുടെ തീരുമാനം.ഇതിനായി പുതിയ സംവിധാനം രൂപപ്പെടുത്തുകയും 2026ഓടെ ആകെ എമിറേറ്റൈസേഷൻ 10 ശതമാനമായി വർധിപ്പിക്കുകയും ചെയ്യും.
50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലുകൾക്കാണ് പുതിയ സ്വകാര്യവത്കരണ തീരുമാനം ബാധകമാകുക.ഇമാറാത്തികൾക്ക് ജോലി നൽകുന്ന കമ്പനികൾക്ക് സാമ്പത്തികനേട്ടം ലഭ്യമാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭ യോഗംചേർന്നത്.യു.എ.ഇയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 50 പരിപാടികളിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം 10 ശതമാനമാക്കുമെന്ന് അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇമാറാത്തി മാനുഷിക വിഭവങ്ങളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന 'നാഫിസ്' സ്കീമിന് കീഴിൽ 24 ശതകോടി ദിർഹത്തിന്റെ 13 പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. അഞ്ച് വർഷത്തേക്ക് പ്രതിമാസം 5000 ദിർഹം വരെ നൽകുന്ന സാലറി സപ്പോർട്ട് സ്കീം, ബിരുദ വിദ്യാർഥികൾക്കും അവരുടെ സ്റ്റാർട്ടപ്പുകൾക്കും വേണ്ടി ശതകോടി ദിർഹമിന്റെ പദ്ധതികൾ, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.
ഓഹരി വിപണിയിൽ നിയമലംഘകരുടെ പേര് പുറത്തുവിടും
ദുബൈ: ഓഹരി വിപണി നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ യു.എ.ഇ തീരുമാനിച്ചു. മന്ത്രിസഭ യോഗത്തിനു ശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവിടാൻ യു.എ.ഇ സെക്യൂരിറ്റി ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിക്കാണ് അധികാരം നൽകിയിരിക്കുന്നത്. നിയമലംഘകരുടെ പേരിന് പുറമെ, നടത്തിയ നിയമലംഘനങ്ങളുടെ വിശദാംശങ്ങളും അതോറിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.
എന്നു മുതൽ ഈ നിയമം നിലവിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിക്ഷേപകർക്കിടയിൽ ബോധവത്കരണം ശക്തമാക്കാനും നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് തീരുമാനം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ തോത് വർഷംതോറും രണ്ടു ശതമാനം വർധിപ്പിക്കാനും 2026നുള്ളിൽ പത്ത് ശതമാനത്തിലേക്ക് എത്തിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ
ദുബൈ: ജീവനക്കാർ തൊഴിൽരഹിതരായാൽ സംരക്ഷിക്കുന്നതിന് യു.എ.ഇയിൽ പുതിയ ഇൻഷുറൻസ് പദ്ധതി. പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നവർക്ക് നിശ്ചിതകാലത്തേക്ക് ഒരു തുക സ്ഥിരമായി നൽകുന്നതാണ് സ്കീം. യു.എ.ഇ മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. രാജ്യത്തെ തൊഴിൽവിപണിയുടെ മത്സരക്ഷമത വർധിപ്പിക്കുക, ജീവനക്കാരെ സംരക്ഷിക്കുക, സ്ഥിരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് സ്കീം ലക്ഷ്യംവെക്കുന്നത്. പദ്ധതിയുടെ മറ്റും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.