സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം ലക്ഷം കടന്നു
text_fieldsദുബൈ: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ലക്ഷം പിന്നിട്ടു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ മേഖലയിലെ ആകെ സ്വദേശികളിൽ 70,000 പേരും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ രണ്ടര വർഷം മുമ്പ് ‘നാഫിസ്’ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇമാറാത്തി പൗരന്മാരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘നാഫിസ്’.
രാജ്യത്തെ 20,000ത്തിലേറെ കമ്പനികളിലായാണ് സ്വദേശികൾക്ക് നിയമനം നൽകിയിരിക്കുന്നതെന്ന് നേരത്തേ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. 2026ഓടെ രാജ്യത്തെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് എമിററ്റൈസേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ വർഷവും രണ്ട് ശതമാനം വീതമാണ് നിയമനം നടത്തേണ്ടത്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ബാക്കിയും നിയമിക്കുകയാണ് വേണ്ടത്.
ഈ വർഷത്തെ ആദ്യ പകുതിയിലെ നിയമനം ജൂൺ 30ന് പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം പൂർത്തിയാക്കി എമിററ്റൈസേഷൻ ടാർഗറ്റ് പൂർത്തിയാകാത്ത സ്ഥാപനങ്ങളെ ജൂലൈ ഒന്നുമുതൽ പരിശോധിച്ച് പിഴ ചുമത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷം മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലും ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്ന യു.എ.ഇ മന്ത്രിസഭ തീരുമാനവും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ 2025ൽ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. അതുവഴി രണ്ടുവർഷത്തിനകം രണ്ട് ഇമാറാത്തികളെയെങ്കിലും ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.