ആഘോഷ വേളയില്‍ വേദിയില്ലെന്ന്; ഓണസദ്യ ‘ഹോട്ടലി’ലുണ്ട് നേതാക്കള്‍
text_fieldsഅബൂദബി: പ്രവാസ ലോകത്ത് ഓണാഘോഷ മാമാങ്കങ്ങള്‍ കെങ്കേമമായി കൊണ്ടാടിവരുകയാണെങ്കിലും സദ്യവട്ടങ്ങളിലെ കല്ലുകടികളും ഇടക്കിടെ പുറത്തുവരാറുണ്ട്. ഇക്കുറി അത് അബൂദബിയിലും തെറ്റിച്ചിട്ടില്ലെന്നാണ് അടക്കം പറച്ചിലുകള്‍. മലയാള നാട്ടിലെ തലസ്ഥാന നഗരിക്കൂട്ടായ്മയുടെ ഉത്സവക്കളമാണ് വേദി.
എമിറേറ്റുകളുടെ തലസ്ഥാനമായ അബൂദബിയിലെ രണ്ട് പ്രമുഖ ‘രജിസ്റ്റേര്‍ഡ്’ സംഘടനാ അധ്യക്ഷന്മാര്ക്ക് വേദിയില്‍ അര്‍ഹമായ പരിഗണന നല്‍കാതെ അവഹേളിച്ചെന്നാണ് പരിഭവം. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.
പ്രതിഷേധിക്കാതെ തരവുമില്ല. രണ്ടധ്യക്ഷരും കൂടി ഇറങ്ങി ഒറ്റ നടത്തം. ഇവിടത്തെ സദ്യ ഇനി കഴിക്കൂല. സദ്യ കഴിക്കാതിരിക്കാനും പറ്റില്ല, പശിയടക്കണമല്ലോ.. നേരെ ഒറ്റപ്പോക്കായിരുന്നു. തൊട്ടടുത്ത ഹോട്ടലിലെ ഓണ സദ്യപോലത്തെയൊന്ന് കഴിച്ച് സെല്‍ഫീം എടുത്ത് തങ്ങളുടെ പ്രതിഷേധം അങ്ങേയറ്റം എത്തിക്കാവുന്നിടത്തൊക്കെ എത്തിച്ചപ്പോഴാണ് ഉറക്കം കിട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍, ഇവര്‍ വന്നപ്പോള്‍ തന്നെ അര്‍ഹമായ പരിഗണനയോടെ സ്വീകരിച്ചതായും വേദിയില്‍പ്പോലും മനഃപൂര്‍വമായ ഒഴിവാക്കലുകള്‍ ഉണ്ടായിട്ടില്ലെന്നും ഓണാഘോഷ സംഘാടകർ വിശദീകരിക്കുന്നു. ഏതായാലും സംഭവം ആളുകള്‍ക്കിടയില്‍ പാട്ടായതോടെ, ഇനിയും വഷളാവാതിരിക്കാനുള്ള അനുരഞ്ജന ചര്‍ച്ചകള്‍ നടന്നുവരുന്നതായാണ് വിവരം. സ്വദേശികളായാലും പ്രവാസികളായും മലയാളികളെന്നത് സാമൂഹിക പ്രതിബദ്ധതയുള്ള സമാജമായി വര്ത്തിക്കേണ്ടവരാണല്ലോ. ഇനിയുള്ള ആഘോഷങ്ങളില്‍ ഇത്തരം പരാതികള്‍ ഉയരില്ലെന്നു തന്നെ പ്രതീക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.