ഗസ്സയിൽ ജലവിതരണ പൈപ്പ്ലൈനുകളുടെ തകരാറുകൾ പരിഹരിക്കും
text_fieldsദുബൈ: ഗസ്സയിൽ ഇസ്രായേൽ അധിനിവേശത്തിൽ തകരാറിലായ ജലവിതരണ പൈപ്പ് ലൈനുകളുടെയും കിണറുകളുടെയും അറ്റകുറ്റപ്പണി ഏറ്റെടുത്ത് യു.എ.ഇ. മധ്യ ഗസ്സയിലെ ദാറുൽ ബലാഹ് മുനിസിപ്പാലിറ്റിയുമായി ഇതുസംബന്ധിച്ച ധാരണപത്രത്തിൽ യു.എ.ഇയുടെ മാനുഷിക പദ്ധതിയായ ഷിവൽറസ് നൈറ്റ് 3 ഒപ്പുവെച്ചു. യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ജനതക്ക് ജലലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
തകരാറിലായ ജലവിതര അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനവും നവീകരണ പ്രവൃത്തികളും ഏറ്റെടുക്കുന്നതിലൂടെ മുനിസിപ്പാലിറ്റിയുടെ പ്രയാസങ്ങൾ കുറക്കുകയും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജലലഭ്യത ഉറപ്പുവരുത്താനും കഴിയും.
കരാറിന്റെ ഭാഗമായി ദാറുൽ ബലാഹ് മുനിസിപ്പാലിറ്റിക്ക് കിണറുകൾ, ജലസ്രോതസ്സുകൾ എന്നിവയുടെ തകരാറുകൾ പരിഹരിക്കാനാവശ്യമായ ഫണ്ട് കൈമാറുന്നതുൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ യു.എ.ഇ നൽകും.ഗസ്സയിലെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള ജല പൈപ്പ് ലൈനുകൾ നന്നാക്കുന്നതിലും വികസിപ്പിക്കുന്നതിലും ഓപറേഷൻ ചിവൽറസ് നൈറ്റ് 3 സജീവമായി പങ്കാളികളാകുന്നുണ്ട്.
ഗസ്സ മുനമ്പിലെ ഫലസ്തീനികളെ പിന്തുണക്കുന്നതിനുള്ള മാനുഷിക ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ഗസ്സ, ഗസ്സ സിറ്റി, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ ജല ശൃംഖലകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി ഈ സംരംഭം മുമ്പ് നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.