മാലിന്യത്തിൽ നിന്ന് പുനരുപയോഗ വസ്തുക്കൾ വേർതിരിക്കാൻ പദ്ധതി
text_fieldsഅബൂദബി: മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണത്തില്‍നിന്ന് പുനരുപയോഗ വസ്തുക്കള്‍ വേർതിരിക്കാവുന്ന ആദ്യ കേന്ദ്രം അബൂദബിയില്‍ സ്ഥാപിക്കും.
തദ്‌വീര്‍ ഗ്രൂപ്പിനു കീഴില്‍ അല്‍ മഫ്റഖ് വ്യവസായ മേഖലയില്‍ നിര്‍മിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആർ.എഫ്) കേന്ദ്രത്തില്‍ പ്രതിവര്‍ഷം 13 ലക്ഷം മെട്രിക് ടണ്‍ മാലിന്യങ്ങൾ വേർതിരിക്കാനുള്ള ശേഷിയുണ്ടാവും. 90000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. മേഖലയിലെ ഈ ഗണത്തിലെ ബൃഹത് കേന്ദ്രമായിരിക്കും ഇത്.
പുനരുപയോഗിക്കാൻ കഴിയുന്ന മെറ്റൽ, പ്ലാസ്റ്റിക്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുകയാണ് കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യം. പുനരുല്‍പാദനം നടത്താവുന്നവയും മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന കേന്ദ്രത്തിലേക്കും മാലിന്യം തരംതിരിക്കുന്ന പ്രക്രിയ ഇതിലൂടെ വിപുലമായ രീതിയില്‍ നടത്താനാകും. 2030ഓടെ അബൂദബിയിലെ മാലിന്യ നിക്ഷേപം 80 ശതമാനം വരെ വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തിന് പിന്തുണ നല്‍കാനും പുനരുപയോഗം വര്‍ധിപ്പിച്ച് ചാക്രിക സാമ്പത്തിക വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും കേന്ദ്രത്തിലൂടെ സാധ്യമാവും.
സാമ്പത്തിക വ്യവസ്ഥയിലേക്ക് മികച്ച സംഭാവന നല്‍കുന്നതിനും മാലിന്യ നിക്ഷേപം വളരെ കുറവ് മാത്രമാക്കി മാറ്റുന്നതിനും വേണ്ടി ആരംഭിക്കുന്ന കേന്ദ്രത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ മാലിന്യത്തില്‍ നിന്ന് സുസ്ഥിര വ്യോമയാന ഇന്ധന ഉല്‍പാദനം അടക്കമുള്ളവയുണ്ട്.
അതോടൊപ്പം പ്രാദേശികവും അന്തര്‍ദേശീയവുമായ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും യു.എ.ഇ പൗരന്മാര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുകയും പരിശീലന അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. കേന്ദ്രത്തിന്‍റെ നിര്‍മാണത്തിന് ഉടൻ ടെന്‍ഡര്‍ ക്ഷണിക്കും. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ടെന്‍ഡറിന് നിര്‍മാണവും നടത്തിപ്പും കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.