പ്രമുഖ വ്യവസായി പി.എം. ഷംസുദ്ദീൻ നാട്ടിൽ നിര്യാതനായി
text_fieldsദുബൈ: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ തലശ്ശേരി സെയ്ദാർ പള്ളി സ്വദേശി പി.എം. ഷംസുദ്ദീൻ (78) നാട്ടിൽ നിര്യാതനായി. റഫാ ഗ്രൂപ്പ് സ്ഥാപകനാണ്. റഫാ വീഡിയോസ് കൂടാതെ പ്രിന്‍റ് പ്രൊഡക്ഷൻ കമ്പനികളായ പ്രിന്‍റ്‌വെൽ, പ്രിന്‍റ്‌മാസ്റ്റേഴ്‌സ് എന്നിവയുടേയും സ്ഥാപകനാണ്. കേരളത്തിൽ നിന്ന് യു.എ.ഇ.യിലേക്ക് വന്ന ആദ്യകാല പ്രവാസികളിൽ ഒരാളായ ഷംസുദ്ദീൻ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു.
1974ൽ ബർ ദുബൈയിൽ ഷംസുദ്ദീൻ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലൂടെയാണ് സംരംഭക ജീവിതം ആരംഭിച്ചത്. പിന്നീടിത് റഫാ വീഡിയോ എന്ന പേരിൽ ആഗോള തലത്തിൽ മലയാളത്തിലെ ആദ്യത്തെ സിനിമാ കാസറ്റ് കമ്പനിയായി മാറി. പ്രിന്‍റ് പ്രൊഡക്ഷനിലെ പ്രിന്‍റ്‌വെൽ, പ്രിന്‍റ്‌മാസ്റ്റേഴ്‌സ് കമ്പനിയും മുൻനിരയിലേക്കെത്തിക്കാൻ ഷംസുദ്ദീന് കഴിഞ്ഞു.
മലബാർ ഗ്രൂപ്പിന്‍റെ ഇന്ത്യയിലെ നിക്ഷേപകനും മലബാർ ഗ്രൂപ്പിന്‍റെ അന്താരാഷ്ട്ര വിഭാഗമായ മലബാർ ഇൻവെസ്റ്റ്‌മെന്‍റ്‌സ് പി.എൽ.സിയുടെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. തലശ്ശേരിയിലെ ബൈത്തുൽ മാൽ ചാരിറ്റബൾ ട്രസ്റ്റിന്‍റെ പ്രസിഡന്‍റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മനുഷ്യസ്‌നേഹിയായ ഷംസുദ്ദീൻ ജീവിതത്തിനിടയിൽ നിരവധി പേർക്ക് കൈത്താങ്ങായി.
ദിവസങ്ങളായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം തലശ്ശേരിയിലെ സെയ്ദാർ പള്ളിയിൽ. ഭാര്യ: പടിക്കൽ സൈനബ. മക്കൾ: ഷബ്നം, സബിത, സായിദ്, സനം. സഹോദരങ്ങൾ: അബ്ദുൾ ഗഫൂർ, അബ്ദുൾ ലത്തീഫ്, റഹീം, സുഹറ, റഹ്മത്ത്, പരേതയായ ആമിന, സഫിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.