പ്രമുഖ ട്രേഡിങ്ങ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു; ഇടപാടുകാർക്ക് നഷ്ടം ലക്ഷങ്ങള്‍
text_fieldsദുബൈ: പണം മുടക്കി വേഗത്തില്‍ ലാഭവും മുതലും തിരിച്ചുപിടിക്കാനിറങ്ങിയ ‘നിശ്ശബ്ദ നിക്ഷേപകരെ’ പരിഭ്രാന്തരാക്കി ഓണ്‍ലൈന്‍ ട്രേഡിങ് സേവനദാതാവും ഏറ്റവും വലിയ പോൺസി സ്കീമുകളിലൊന്നുമായ മെറ്റാവേഴ്സ് ഫോറിന് എക്സ്ചേഞ്ച് ഗ്രൂപ് (എം.ടി.എഫ്.ഇ) അടച്ചുപൂട്ടി. പുതിയ നിക്ഷേപകരില്‍നിന്ന് ശേഖരിക്കുന്ന പണം നിലവിലുള്ള നിക്ഷേപകര്‍ക്ക് നല്‍കുകയും ഭാവിയില്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് പോൺസി സ്കീം. വന്‍ ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് പോൺസി സ്കീം ഉടമകള്‍ നിക്ഷേപകരെ ആകര്‍ഷിക്കുക.
ട്രേഡിങ്ങില്‍ ഒരു ശതകോടി ഡോളര്‍ നഷ്ടപ്പെട്ടതോടെ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്നാണ് എം.ടി.എഫ്.ഇ വിശദീകരണമെങ്കിലും തങ്ങള്‍ കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവിലാണ് നിക്ഷേപകർ. ഒട്ടേറെ മലയാളികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നൈജീരിയ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു എം.ടി.എഫ്.ഇന്റെ ഇരകളിലധികവുമെന്നാണ് പുറത്തുവരുന്ന വിവരം.
26 ഡോളര്‍ തുടങ്ങി 50,001 ഡോളര്‍ വരെ നിക്ഷേപിക്കാന്‍ കഴിയുംവിധമായിരുന്നു എം.ടി.എഫ്.ഇയുടെ പ്രവര്‍ത്തനം. 26 മുതല്‍ 201 ഡോളര്‍ വരെ ബേസിക് ലെവല്‍ തുടങ്ങി 501 ഡോളര്‍ മുതല്‍ അഞ്ചുലക്ഷം ഡോളര്‍ വരെ മുടക്കുന്നവരെ ലെവല്‍ ഒന്ന് മുതല്‍ അഞ്ച് വരെ പട്ടിക തിരിച്ചായിരുന്നു ലാഭവിഹിതത്തിന്റെ ക്രമീകരണം.
ബേസിക് ലെവലില്‍ ഓരോ ട്രേഡിനും ഒരു ഡോളര്‍ മുതല്‍ 10 ഡോളര്‍ വരെയും ലെവല്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ളവര്‍ക്ക് 20 ഡോളര്‍ മുതല്‍ 2500 ഡോളര്‍ വരെയുമാണ് ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ നടക്കുന്ന ട്രേഡിങ്ങില്‍ ഒരുദിവസം നഷ്ടം കാണിച്ചിരുന്ന എം.ടി.എഫ്.ഇയില്‍നിന്ന് ബാക്കി നാലുദിവസവും ലഭിക്കുന്ന ലാഭത്തില്‍ നിക്ഷേപകര്‍ സന്തുഷ്ടരായിരുന്നു.
ആദ്യ മാസങ്ങളില്‍ ലാഭം ലഭിച്ചിരുന്നവര് തങ്ങളുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഈ ഓണ്‍ലൈന്‍ ലാഭക്കച്ചവടത്തെ പരിചയപ്പെടുത്തിയതിലൂടെ എം.ടി.എഫ്.ഇയിലേക്ക് ഒഴുകിയെത്തിയത് കോടികളാണ്. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലെ നിരവധി മലയാളികളാണ് എം.ടി.എഫ്.ഇക്കൊപ്പം ചേര്‍ന്നത്. ഒരു സംശയത്തിനുമിടയാക്കാത്ത വിധം എം.ടി.എഫ്.ഇയുടെ പ്രഫഷനല്‍ പ്രവര്‍ത്തനരീതിയായിരുന്നു ലോക വ്യാപകമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച ഘടകം.
2022ലാണ് മെറ്റാവേഴ്സ് ഫോറിന് എക്സ്ചേഞ്ച് ഗ്രൂപ് നിക്ഷേപങ്ങള്‍ സ്വീകരിച്ചുതുടങ്ങിയത്. തുടർന്നുള്ള മാസങ്ങളിൽ പണം മുടക്കിയവര്‍ക്ക് ലാഭവും മുടക്കുമുതലും ലഭിച്ചതോടെ മെറ്റാവേഴ്സിന്റെ കീര്‍ത്തി പരന്നു. ആദ്യ മാസങ്ങളിൽ ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് ട്രേഡിങ്ങില്‍ നഷ്ടം കാണിച്ചിരുന്നത്. കച്ചവടമാണല്ലോ, നഷ്ടം സ്വാഭാവികമെന്ന രീതിയില്‍ ഇത് എം.ടി.എഫ്.ഇനെക്കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ മതിപ്പിനും വഴിവെച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒരു ദിവസമെന്നത് രണ്ടും മൂന്നും ദിവസങ്ങളില്‍ നഷ്ടം കാണിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ പന്തികേടു തോന്നിയവരില്‍ ചിലര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചിരുന്നു.
എന്നാല്‍, വലിയ വിഭാഗം നിക്ഷേപകര്‍ തങ്ങളുടെ പണം ഇരട്ടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുടക്കുമുതലും ലാഭവിഹിതവും പിന്‍വലിക്കാതെ ഗ്രൂപ്പിനൊപ്പം നിലയുറപ്പിച്ചു. ഇവര്‍ക്കാണ് നിനച്ചിരിക്കാതെ ഒരു പുലര്‍വേളയിലുള്ള എം.ടി.എഫ്.ഇയുടെ അടച്ചുപൂട്ടല്‍ വന്‍ സാമ്പത്തിക-മാനസികാഘാതം ഏൽപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.