സ്‌കൂൾ ബസുകളിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കാൻ നിർദേശം
text_fieldsഅബൂദബി: അഗ്‌നിബാധയെ തുടർന്നുള്ള അപകടങ്ങൾ തടയാൻ സ്‌കൂൾ ബസുകളിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്‌കൂൾ ബസ് ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. സുരക്ഷക്കായി അഗ്‌നിശമന ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ തിരിച്ചുവരവിെൻറ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തണം. സ്‌കൂളുകളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളിൽ വീഴ്ചയുണ്ടാകരുത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി പറഞ്ഞു.
സ്‌മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നതും വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതും സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും അത്യാവശ്യമാണെന്നും അൽ മർസൂഖി ചൂണ്ടിക്കാട്ടി. പ്രഥമശുശ്രൂഷാ നടപടിക്രമങ്ങളെക്കുറിച്ച് ബസിലെ സൂപ്പർവൈസർമാർക്ക് പരിശീലനം നൽകകുകയും വേണം. കഴിഞ്ഞ വർഷം യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച നിയമപ്രകാരം സ്‌കൂൾ ബസുകളിൽ അഗ്‌നിശമന ഉപകരണങ്ങൾ സ്ഥാപിക്കാനും തീ സ്വയം കെടുത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനും ബാധ്യതയുണ്ട്.
വാഹനത്തിെൻറ എഞ്ചിനിൽ തീപിടിക്കാനുള്ള സാധ്യതകൾ തടയുന്നതിന് ഇന്ധന ടാങ്കുകൾക്കുള്ള സുരക്ഷ സംവിധാനം സ്‌കൂൾ ബസുകളിൽ ഘടിപ്പിക്കണം. എല്ലാ സ്‌കൂൾ വാഹനങ്ങളിലും പ്രഥമശുശ്രൂഷ ബോക്സ് സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.